ചാറ്റ് ജിപിടിയിൽ ഔദ്യോഗിക രേഖകൾ അപ്ലോഡ് ചെയ്ത് യുഎസിലെ ഇന്ത്യൻ വംശജനായ സൈബർ സുരക്ഷാ മേധാവി; നടപടി വിവാദത്തിൽ, ആശങ്കയിലെന്ന് യുഎസ് സുരക്ഷാ ഏജൻസികൾ

വാഷിങ്ടൺ: ചാറ്റ് ജിപിടിയിൽ യുഎസ് സൈബർ സുരക്ഷാ ഏജൻസിയായ സിസയുടെ (CISA) ഔദ്യോഗിക സർക്കാർ രേഖകൾ അ‌പ്ലോഡ് ചെയ്ത് സിസയുടെ താത്കാലിക മേധാവി മധു ഗോട്ടുമുക്കല. സിസയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരിലൊരാളാണ് ഇന്ത്യൻ വംശജനായ മധു ഗോട്ടുമുക്കല. എഐ പ്ലാറ്റ്ഫോമിൽ സ്വകാര്യ രേഖകൾ മധു ഗോട്ടുമുക്കല പങ്കുവെച്ച നടപടി വിവാദത്തിലായിരിക്കുകയാണിപ്പോൾ. സംഭവം സുരക്ഷാ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ടെന്നാണ് യുഎസ് സുരക്ഷാ ഏജൻസികൾ നൽകുന്ന വിവരം.

പൊതുജനങ്ങൾക്ക് ലഭ്യമായ ചാറ്റ് ജിപിടിയിൽ നൽകുന്ന വിവരങ്ങൾ ഓപ്പൺ എഐ എന്ന കമ്പനിയുമായി പങ്കുവെക്കപ്പെടുമെന്നതിനാൽ മറ്റ് ഉപയോക്താക്കൾക്ക് മറുപടി നൽകുന്നതിന് ഈ വിവരങ്ങൾ ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്നത് വലിയ സുരക്ഷാ ഭീഷണിയാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വിവരങ്ങൾ ഫെഡറൽ നെറ്റ്വർക്കിനുള്ളിൽ തന്നെ സുരക്ഷിതമായി സൂക്ഷിക്കുന്ന ‘ഡിഎച്ച്എസ് ചാറ്റ്’ പോലുള്ള സംവിധാനങ്ങൾ നിലവിലുണ്ടായിരുന്നപ്പോഴാണ് ഇത്തരമൊരു വീഴ്ച ഉണ്ടായിരിക്കുന്നത്.

രേഖകൾ രഹസ്യ സ്വഭാവമുള്ളവയുടെ വിഭാഗത്തിൽപ്പെട്ടതല്ലെങ്കിലും, പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ പാടില്ലാത്ത ഔദ്യോഗിക ആവശ്യത്തിന് മാത്രം എന്ന വിഭാഗത്തിലുള്ള ഗവൺമെന്റ് കരാർ രേഖകളാണ്. ഡിഎച്ച്എസ് ജീവനക്കാർക്ക് ചാറ്റ് ജിടിപി ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു. എന്നാൽ, ചാറ്റ് ജിപിടി ഉപയോഗിക്കാനുള്ള അനുമതിക്കായി ഗോട്ടുമുക്കല സമ്മർദം ചെലുത്തിയിരുന്നതായി സിസ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

എന്നാൽ, ട്രംപ് ഭരണകൂടത്തിന്റെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് നയങ്ങൾക്ക് അനുസൃതമായാണ് നടപടിയെന്ന് സിസയുടെ പബ്ലിക് അഫയേഴ്‌സ് ഡയറക്‌ടർ മാർസി മക്കാർത്തി വിശദീകരിച്ചു. ഡിഎച്ച്എസിന്റെ കൃത്യമായ നിയന്ത്രണങ്ങളോടെ, പരിമിതമായ രീതിയിലാണ് മധു ഗോട്ടുമുക്കല ചാറ്റ് ജിപിടി ഉപയോഗിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അത്യാധുനിക സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ചുമതലപ്പെട്ട ഏജൻസിയുടെ തലപ്പത്തുനിന്നുണ്ടായ നടപടി ഗൗരവതരമായ ഒന്നാണെന്നാണ് സുരക്ഷാ നിരീക്ഷകർ വിലയിരുത്തുന്നത്.

Indian-origin cybersecurity chief in US uploads official documents on Chat GPT; US security agencies concerned over controversy

More Stories from this section

family-dental
witywide