
ന്യൂഡൽഹി: കാനഡയിൽ താമസിക്കുന്ന പ്രമുഖ ഇന്ത്യൻ വംശജയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഗായികയുമായ നാൻസി ഗ്രെവാളിനെ (45) ഒൻ്റാറിയോയിലെ ലാസാലെയിലുള്ള വീട്ടിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയ നാൻസിയെ ഉടൻ തന്നെ എസെക്സ്-വിൻഡ്സർ എമർജൻസി മെഡിക്കൽ സർവീസസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആരാണ് നാൻസി ഗ്രെവാൾ?
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായിരുന്നു നാൻസി ഗ്രെവാൾ. രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിലെ തൻ്റെ തുറന്ന നിലപാടുകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെട്ടത്. ഇൻസ്റ്റാഗ്രാമിൽ പതിനാലായിരത്തിലധികം ഫോളോവേഴ്സുള്ള നാൻസി ഒരു അറിയപ്പെടുന്ന യൂട്യൂബർ കൂടിയായിരുന്നു. പഞ്ചാബിലെ ലുധിയാന സ്വദേശിയായ നാൻസി, ഹരിയാനയിലെ സിർസയിലായിരുന്നു സ്കൂൾ പഠനം പൂർത്തിയാക്കിയത്. 2018-ലാണ് ഇവർ കാനഡയിലേക്ക് കുടിയേറിയത്.
ഖാലിസ്താൻ വിരുദ്ധ നിലപാടുകളും ഭീഷണികളും
ഇന്ത്യ-കാനഡ നയതന്ത്ര ബന്ധങ്ങളിലെ വിള്ളലുകളെക്കുറിച്ചും ഖാലിസ്താൻ വിഘടനവാദികളുടെ പ്രവർത്തനങ്ങളെക്കുറിച്ചും നാൻസി നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവിനെതിരെയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നിലപാടുകൾക്കെതിരെയും അവർ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിൻ്റെ പേരിൽ അവർക്ക് നിരവധി ഭീഷണികൾ നേരിടേണ്ടി വന്നിരുന്നതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ, രാധാ സോമി സത്സംഗ് ബിയാസ് തലവൻ ബാബ ഗുരീന്ദർ സിംഗ് ധില്ലനെ വിമർശിച്ചും അവർ അടുത്തിടെ വീഡിയോകൾ പങ്കുവെച്ചിരുന്നു.
കാനഡയിലെ ജീവിതം
ഒരു ഗായികയായി കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിച്ചാണ് നാൻസി കാനഡയിലെത്തിയത്. എന്നാൽ സംഗീത മേഖലയിൽ വേണ്ടത്ര ശോഭിക്കാൻ കഴിയാത്തതിനെ തുടർന്ന് സ്റ്റേജ് ഷോകളിൽ അവതാരകയായും മറ്റും ജോലികളും ചെയ്തു വരികയായിരുന്നു. ഉപജീവനത്തിനായി കെയർഗിവർ ആയി രണ്ട് ഷിഫ്റ്റുകളിൽ അവർ ജോലി ചെയ്തിരുന്നതായി അമ്മ ഷിന്ദർപാൽ കൗർ പറഞ്ഞു. ഭർത്താവുമായി വേർപിരിഞ്ഞ ശേഷം തൻ്റെ വളർത്തുമൃഗത്തോടൊപ്പം നാൻസി ഒറ്റയ്ക്കായിരുന്നു താമസം.
കൊലപാതകം പുറംലോകമറിഞ്ഞത്
മാർച്ച് 3-ന് നാൻസിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ച കുടുംബത്തിന് മറുപടി ലഭിക്കാത്തതിനെ തുടർന്ന് അവർ കാനഡയിലെ തൊഴിലുടമയെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. “അവൾ ക്രൂരമായി ആക്രമിക്കപ്പെട്ടു. കുത്തേറ്റ നിലയിൽ കണ്ട അയൽവാസി വിവരം അറിയിച്ചതിനെത്തുടർന്നാണ് പൊലീസ് എത്തിയത്,” അമ്മ പറയുന്നു.
സംഭവത്തിൽ കനേഡിയൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ ഖാലിസ്താൻ അനുകൂലികളാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. നാൻസിയുടെ മരണവാർത്ത കാനഡയിലെ ഇന്ത്യൻ സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
Indian-origin influencer Nancy Grewal stabbed to death in Canada; anti-Khalistan stance suspected to be cause of death















