അമേരിക്കയിലെ ജോർജിയയിൽ വാൾമാർട്ടിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാരോപിച്ച് അറസ്റ്റിലായി ആറാഴ്ചയ്ക്കുമേൽ ജയിലിൽ കഴിഞ്ഞ ഇന്ത്യൻ വംശജനായ വ്യക്തി തെറ്റായ കുറ്റപത്രവും സിവിൽ അവകാശലംഘനവും ആരോപിച്ച് ഫെഡറൽ കോടതിയെ സമീപിച്ചു. ജോർജിയയിലെ അക്ക്വർത്ത് സ്വദേശിയായ 57കാരനായ മഹേന്ദ്ര പട്ടേലിനെ 2025 മാർച്ചിലാണ് അറസ്റ്റ് ചെയ്തത്.
വാൾമാർട്ട് സൂപ്പർസെന്ററിൽ ഷോപ്പിംഗ് നടത്തിയിരുന്ന ഒരു സ്ത്രീ, തന്റെ രണ്ടുവയസ്സുകാരനെ പട്ടേൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നാരോപിച്ച് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു.കേസ് പിന്നീട് തള്ളിയെങ്കിലും, പട്ടേൽ 40 ദിവസത്തിലേറെ കോബ് കൗണ്ടി ജയിലിൽ ജാമ്യമില്ലാതെ കഴിഞ്ഞിരുന്നു. 2026 ഫെബ്രുവരി 9-ന് അറ്റ്ലാന്റയിലെ ഫെഡറൽ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ, ആരോപണം ഉന്നയിച്ച കാരോളിൻ മില്ലർ, അക്ക്വർത്ത് പോലീസ് ഡിപ്പാർട്മെന്റ്, കോബ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ ഓഫീസ്, ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർ എന്നിവരെ പ്രതികളാക്കി.
സിസിടിവി ദൃശ്യങ്ങളിൽ പട്ടേൽ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് വ്യക്തമായിരുന്നുവെന്നും, എന്നിട്ടും കേസ് തുടർന്നുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ പറഞ്ഞു. മരുന്ന് വാങ്ങുന്നതിനിടെ തെന്നിമാറുന്ന പോലെ തോന്നിയ കുഞ്ഞിനെ സഹായിച്ചതേയുള്ളൂവെന്നും, തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിട്ടില്ലെന്നും ദൃശ്യങ്ങൾ വ്യക്തമാക്കുന്നതായും പട്ടേൽ പറഞ്ഞു.“ടൈലനോൾ വാങ്ങാൻ പോയതായിരുന്നു. പക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ തലവേദനയുമായി തിരികെ വന്നു,” വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
അറസ്റ്റും തടവും മൂലം ശമ്പളനഷ്ടം, മാനസിക പീഡനം, സാമൂഹിക പ്രതിഷ്ഠയ്ക്ക് കേടുപാടുകൾ എന്നിവ നേരിട്ടതായി ഹർജിയിൽ പറയുന്നു. നഷ്ടപരിഹാരവും ശിക്ഷാത്മക നഷ്ടപരിഹാരവും അഭിഭാഷക ഫീസും അനുവദിക്കണമെന്നാണ് ആവശ്യം.തെളിവുകൾ അവഗണിച്ച് അടിസ്ഥാനരഹിതമായി കേസ് ചുമത്തിയതിലൂടെ പട്ടേലിന്റെ അവകാശങ്ങൾ ലംഘിച്ചുവെന്നാണ് അഭിഭാഷകരുടെ ആരോപണം. കുറ്റം ചെയ്തതിന് തെളിവുകൾ ഇല്ലാതിരുന്നിട്ടും കേസ് മുന്നോട്ടുകൊണ്ടുപോകുന്ന സമീപനം ഗുരുതര പ്രശ്നമാണെന്നും അവർ ചൂണ്ടിക്കാട്ടി.
Indian-origin man in jail files fake case in US over alleged attempt to kidnap baby at Walmart











