ഹ്യൂസ്റ്റനെ പ്രകമ്പനം കൊള്ളിച്ച ഇന്ത്യൻ റിപ്പബ്ലിക്കൻ മീറ്റ് ആൻഡ് ഗ്രീറ്റ്

അനിൽ ആറന്മുള

സ്റ്റാഫ്‌ഫോർഡ്: ഡെമോക്രറ്റുകളുടെ ഈറ്റില്ലം എന്ന് പലരും പറഞ്ഞു പുകഴ്ത്തിയ ഫോട്ബെൻഡ് കൗണ്ടിയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തേരോട്ടം കുറിച്ച ഇന്ത്യൻ റിപ്പബ്ലിക്കൻ പാർട്ടി അനുഭാവികളുടെ മീറ്റ് ആൻഡ് ഗ്രീറ്റ് വർണോജ്വലമായി. മലയാളികൾ മുൻകൈ എടുത്തു നടത്തിയ പരിപാടിയിൽ മുന്നൂറിലധികം പേർ പങ്കെടുത്തു. ജനുവരി 23ന് വെള്ളിയാഴ്ച സ്റ്റാഫ്‌ഫോർഡ് ബാങ്ക്‌റ്റ് ഹാളിൽ അരങ്ങേറിയ ഫോട്ബെൻഡ്, ഹാരിസ് കൗണ്ടികളിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ കോൺഗ്രെസ്സ്മാൻ ട്രോയ് നെയ്ൽസ് മുഖ്യാതിഥിയായി.

അദ്ദേഹത്തിന്റെ സഹോദരനും യൂ എസ് കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ട്രെവർ നെയ്ൽസ്, ഫോട്ബെൻഡ് കൗണ്ടി ജി ഓ പി ചെയർ ആയി സ്ഥാനമേൽക്കുന്ന ഗ്രെഗ് ബാൺസ് ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്, സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഡിസ്ട്രിക്ട് ജഡ്ജ് ആയി മത്സരിക്കുന്ന ആശാ റെഡ്‌ഡി, ജസ്റ്റിസ് ഓഫ് പീസ് ആയി മത്സരിക്കുന്ന ഡോ. മാത്യു വൈരമൺ തുടങ്ങി ഇരുപത്തി നാലോളം സ്ഥാനാർഥികളും സന്നിഹിതരായിരുന്നു.

ഇൻഡോ അമേരിക്കൻ റിപ്പബ്ലിക്കൻ കൗൺസിൽ , ടെക്സാസ് കൺസെർവേറ്റിവ് ഫോറം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഡോ. രഞ്ജിത് പിള്ള, ഡാൻ മാത്യു, ജികെ പിള്ള, അനിൽ ആറന്മുള, സൈമൺ വാളച്ചേരിൽ, സാക്കി ജോസഫ്, മാർട്ടിൻ ജോൺ, സന്തോഷ് ഐപ്പ്, മാത്യൂ വൈരമൺ, ടോം വിരിപ്പൻ, ബോബി ജോസഫ്, ജോജി ജോസഫ്, ടോമി പീറ്റർ, മിഖായേൽ ജോയ് എന്നിവർ സംഘാടകരായിരുന്നു.

ഹൂസ്റ്റണിലെ പ്രശസ്തമായ മസാല റേഡിയോ ഉടമയും ആങ്കറുമായ സുനിൽ ടക്കർ ഒരുക്കിയ മ്യൂസിക് ഹങ്കാമയുമായി തുടങ്ങിയ പരിപാടിയിൽ കോൺഗ്രെസ്സ്മാൻ, മേയർ, സ്ഥാനാർത്ഥികൾ ഉൾപ്പടെയുള്ളവരെ നൃത്തം ചെയ്യിച്ച സുനിൽ തക്കർ പരിപാടിക്ക് ഗംഭീര ഊർജം പകർന്നു. തുടർന്ന് അനിൽ ആറന്മുള സ്വാഗതം ആശംസിച്ചു. തുടർന്ന് വേദിയിലെത്തിയ ടെക്സാസ് കണ്സർവേറ്റീവ് ഫോറം ചെയർമാൻ ഡാൻ മാത്യു വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി.

ഡോ. രഞ്ജിത് പിള്ള ഇങ്ങനെയൊരു പരിപാടി നടത്താനുണ്ടായ സാഹചര്യവും ഉദ്ദേശ ലക്ഷ്യങ്ങളെയും കുറിച്ച് സംസാരിച്ചു. തുടർന്ന് സംസാരിച്ച കോൺഗ്രസ്മാൻ ട്രോയ് നെയ്ൽസ് ടെക്സസിലെ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകൾ വിലപ്പെട്ടതാണെന്നും അറിയിച്ചു. രാജ്യം ഇന്ന് നേരിടുന്ന ശക്തമായ വെല്ലുവിളികൾ നേരിടാൻ ഒന്നിച്ചു ഒന്നായി പൊരുതാനും അദ്ദേഹം അഭ്യർഥിച്ചു. മാർച്ചിൽ ജി ഓ പി ചെയർമാൻ സ്ഥാനത്തേക്കെത്തുന്ന ഗ്രെഗ്‌ ബാൺസ് കൂടുതൽ ഇന്ത്യക്കാർ അധികാര സ്ഥാനങ്ങളിലേക്ക് വരണമെന്നും ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണയും സാമ്പത്തിക സഹായവും പാർട്ടിക്കൊപ്പം ഉണ്ടാകണമെന്ന് അഭ്യർഥിച്ചു.

തുടർന്ന് വർഷങ്ങളായി മലയാളി സമൂഹത്തിലെ എല്ലാ മേഖലകളിലും നിറസാന്നിധ്യങ്ങളായ നാലു പേരെ ആദരിച്ചു. പൊന്നു പിള്ള, തോമസ് ചെറുകര, ജോസഫ് ജെയിംസ്, ജികെ പിള്ള എന്നിവരെ കോൺഗ്രെസ്സ്മാൻ ട്രോയ് നെയ്ൽസും ട്രെവർ നെയ്ൽസും ചേർന്ന് പൊന്നാടയും അമേരിക്കൻ ഫ്ലാഗും നൽകി ആദരിച്ചത് അഭൂതപൂർവമായ കാഴ്ചയായിരുന്നു. അതിനു ശേഷം റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുകയും അവർ തങ്ങളുടെ കാഴ്ചപ്പാടുകൾ വിശദീകരിച്ചു വോട്ട് അഭ്യർഥിക്കുകയും ചെയ്തു.

ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് സ്ഥാനത്തേക്ക് മൂന്നാം പ്രാവശ്യം മത്സരിക്കുന്ന കെ പി ജോർജ്, ഡിസ്ട്രിക്ട് ജഡ്ജ് ആയി മത്സരിക്കുന്ന ആശാ റെഡ്‌ഡി, ജസ്റ്റിസ് ഓഫ് പീസ് ആയി മത്സരിക്കുന്ന മാത്യു വൈരമണ് എന്നിവരെ ഡാൻ മാത്യു പ്രത്യേകമായി പരിചയപ്പെടുത്തി. പരിപാടികളിൽ പങ്കെടുത്ത ആളുകളുടെ ആവശ്യപ്രകാരം ഇരുപതു പേര് അടങ്ങുന്ന ഒരു റിപ്പബ്ലിക്കൻ കൌൺസിൽ രൂപീകരിച്ചു പ്രവർത്തനമാരംഭിക്കാൻ തീരുമാനിച്ചു. യോഗശേഷം വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരുന്നു.

Indian Republican Party supporters programme Meet and Greet event held in Houston