
ന്യൂഡൽഹി: യുദ്ധം കടുക്കുന്ന ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ പതാകവാഹക കപ്പലുകൾ കൂടി സുരക്ഷിതമായി യാത്ര തുടർന്നു. 92,600 ടൺ പാചകവാതകവുമായി വരുന്ന ‘ജഗ് വസന്ത്’, ‘പൈൻ ഗ്യാസ്’ എന്നീ എൽ.പി.ജി ടാങ്കറുകളാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ സംഘർഷമേഖല പിന്നിട്ടത്. ഈ കപ്പലുകൾ വ്യാഴം, ശനി ദിവസങ്ങൾക്കുള്ളിലായി ഇന്ത്യൻ തുറമുഖങ്ങളിൽ എത്തുമെന്ന് ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഹോർമുസ് കടലിടുക്ക് വഴി പുറത്തെത്തുന്ന നാലാമത്തെ ഇന്ത്യൻ കപ്പലുകളാണിവ. കഴിഞ്ഞ ആഴ്ച ‘ശിവാലിക്’, ‘നന്ദാദേവി’ എന്നീ കപ്പലുകൾ ഗുജറാത്തിലെ മുന്ദ്ര, കണ്ട്‌ല തുറമുഖങ്ങളിൽ സുരക്ഷിതമായി അടുത്തിരുന്നു. പുതിയ കപ്പലുകൾ കൂടി എത്തുന്നതോടെ ഇന്ത്യയിലെ മൊത്തം എൽ.പി.ജി ഇറക്കുമതി 2.9 ലക്ഷം ടണ്ണിലധികമാകും.
കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്തുള്ള 20 ഇന്ത്യൻ കപ്പലുകളുടെയും അതിലെ ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് സർക്കാർ ഇപ്പോൾ മുൻഗണന നൽകുന്നത്. കപ്പലുകളിലെ ജീവനക്കാർക്ക് ഭക്ഷണത്തിനോ വെള്ളത്തിനോ നിലവിൽ ക്ഷാമമില്ലെന്ന് ഷിപ്പിംഗ് മന്ത്രാലയം സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ അറിയിച്ചു. ഐ.ഒ.സി, റിലയൻസ്, ബി.പി.സി.എൽ തുടങ്ങിയ കമ്പനികൾക്കായി ചാർട്ടർ ചെയ്ത കപ്പലുകളും ഇതിൽ ഉൾപ്പെടുന്നു.
ഇറാനിലെ ലാറക്, ഖേഷ്ം ദ്വീപുകൾക്കിടയിലൂടെയാണ് ടാങ്കറുകൾ സഞ്ചരിച്ചത്. തങ്ങളുടെ ഐഡന്റിറ്റി ഇറാൻ അധികൃതരെ ബോധ്യപ്പെടുത്താനാണ് ഈ പാത തിരഞ്ഞെടുത്തതെന്നാണ് സൂചന.
ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ കടത്തിവിടാൻ ഇറാൻ പണം വാങ്ങുന്നുണ്ടെന്ന വാർത്തകൾ ഇറാൻ എംബസി നിഷേധിച്ചിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അവർ വ്യക്തമാക്കി.
നിലവിൽ അഞ്ഞൂറോളം ടാങ്കറുകൾ പേർഷ്യൻ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 88 ശതമാനവും പാചകവാതകത്തിന്റെ 60 ശതമാനവും ഈ പാതയിലൂടെയാണ് വരുന്നത് എന്നതിനാൽ നിലവിലെ സാഹചര്യം രാജ്യത്തിന് ഏറെ നിർണ്ണായകമാണ്.
Indian ships pass through the Strait of Hormuz; Two more tankers with cooking gas will arrive on shore soon















