
യുഎസിലെ വാഷിങ്ടണിലെ സിയാറ്റിൽ റോഡ് മുറിച്ചുകടക്കുമ്പോൾ അമിതവേഗതയിലെത്തിയ പൊലീസ് വാഹനമിടിച്ച് മരിച്ച ആന്ധ്രാപ്രദേശ് സ്വദേശിനി ജാൻവി കണ്ടുലയുടെ (23) കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ തീരുമാനം. 2023 ൽ ജാൻവി മരിച്ച അപകടത്തിൽ സിയാറ്റിൽ നഗരസഭ 29 മില്യൺ ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നൽകാനാണ് തീരുമാനം. മണിക്കൂറിൽ 119 കിലോമീറ്റർ വേഗതയിൽ അടിയന്തര ഡ്യൂട്ടിയിലായിരുന്ന ഓഫിസർ കെവിൻ ഡേവിന്റെ വാഹനമാണ് ജാൻവിയെ ഇടിച്ചത്. സിവിൽ കേസ് ഫയൽ ചെയ്തതിനെത്തുടർന്നാണ് ഈ വൻ തുകയ്ക്ക് ധാരണയായത്.
അപകടത്തിനു ശേഷം മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ ഡാനിയൽ ഓഡറർ ജാൻവിയുടെ മരണത്തെ പരിഹസിച്ചുകൊണ്ട് സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് ലോകമെമ്പാടും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ജാൻവിയുടെ ജീവിതത്തിന് പരിമിത മൂല്യമേയുള്ളൂവെന്നും ഒരു ചെക്ക് മതിയാകുമെന്നുമായിരുന്നു ഓഡററിന്റെ വാക്കുകൾ. ഈ സംഭവം രാജ്യാന്തര മാധ്യമങ്ങളിൽ വലിയ ചർച്ചയായി.
സിയാറ്റിൽ സിറ്റി അറ്റോർണി എറിക്ക ഇവാൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ ജാൻവിയുടെ മരണം ഹൃദയഭേദകമായിരുന്നുവെന്നും ഈ നഷ്ടപരിഹാരം കുടുംബത്തിന് ആശ്വാസവും സമാധാനവും നൽകുമെന്നും പറഞ്ഞു. ജാൻവി തന്റെ കുടുംബത്തിനും സമൂഹത്തിനും വിലപ്പെട്ട യുവതിയായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Indian Student Killed by Police Vehicle in US: Family Awarded $29 Million Settlement













