പരീക്ഷാ തീയതി അടുക്കുന്നതിനിടെ രാജ്യം വിടാൻ നിർദേശം, ആശങ്കയിലായി ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികൾ

ന്യൂഡൽഹി: ഇറാനിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളെത്തുടർന്ന് അടിയന്തരമായി രാജ്യം വിടാൻ ഇന്ത്യൻ എംബസി നൽകിയ നിർദ്ദേശം ഇന്ത്യൻ വിദ്യാർത്ഥികളിൽ അധിക ആശങ്കയാകുന്നു. പരീക്ഷാ തീയതി അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

അമേരിക്കയുമായുള്ള സംഘർഷ സാധ്യതകണക്കിലെടുത്ത് ഇറാനിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ കാരണം, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ലഭ്യമായ വാണിജ്യ വിമാനങ്ങൾ വഴി എത്രയും വേഗം രാജ്യം വിടണമെന്ന് ഈ മാസം 23-ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചിരുന്നു.

മാർച്ച് 5-ന് നിശ്ചയിച്ചിട്ടുള്ള ഒലൂം-ഇ-പായെ (Olum-e-Paye) പരീക്ഷ മെഡിക്കൽ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമാണ്. ഈ പരീക്ഷ എഴുതാതെ മടങ്ങുന്നത് ഒരു അധ്യയന വർഷം തന്നെ നഷ്ടപ്പെടാൻ കാരണമാകുമെന്ന് വിദ്യാർത്ഥികൾ ആശങ്കപ്പെടുന്നു.

പരീക്ഷകൾ മാറ്റിവയ്ക്കുന്നതിനോ അല്ലെങ്കിൽ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാൻ കഴിയുന്ന തരത്തിലുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിനോ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ (AIMSA) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്.

അതേസമയം, ടെഹ്‌റാൻ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസ് ഉൾപ്പെടെയുള്ള പല സർവ്വകലാശാലകളും ഇതുവരെ പരീക്ഷകൾ മാറ്റിവയ്ക്കാൻ തയ്യാറായിട്ടില്ല. ഇന്റർനെറ്റ് സേവനങ്ങൾ അടിക്കടി തടസ്സപ്പെടുന്നത് വിദ്യാർത്ഥികളുടെ പഠനത്തെയും ബാധിക്കുന്നുണ്ട്. ഇറാൻ അധികൃതരുമായി ചർച്ച നടത്തി പരീക്ഷകൾ മാറ്റിവയ്പ്പിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) അടിയന്തരമായി ഇടപെടണമെന്നാണ് വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം. ഏകദേശം 1,000 മുതൽ 1,500 വരെ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളാണ് ഈ പ്രതിസന്ധി നേരിടുന്നത്. ഇവരിൽ അധികവും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്.

Indian students in Iran worried as they are asked to leave the country as exam dates approach

More Stories from this section

family-dental
witywide