
ന്യൂഡൽഹി: പഞ്ചാബിൽ നിന്നുള്ള 24 വയസ്സുകാരനെ ഇറ്റലിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ ഹോഷിയാർപൂർ സ്വദേശിയായ ട്വിങ്കിൾ രൺധാവയെയാണ് ഇറ്റലിയിലെ ലിഡോ ഡി ലാവിനിയോയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മെച്ചപ്പെട്ട ഭാവി തേടി ഏകദേശം അഞ്ച് മാസം മുമ്പാണ് ട്വിങ്കിൾ രൺധാവ ഇറ്റലിയിലേക്ക് പോയത്. ഇതിനായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മാതാപിതാക്കൾ കടം വാങ്ങിയിരുന്നു. ജനുവരി 16-നാണ് ട്വിങ്കിളിന്റെ മരണവാർത്ത ഇറ്റലിയിൽ നിന്ന് വീട്ടുകാർക്ക് ലഭിച്ചത്. മുറിയിൽ കൂടെ താമസിച്ചിരുന്ന മറ്റ് പഞ്ചാബി യുവാക്കളാണ് വിവരമറിയിച്ചത്.
മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് വീട്ടുകാരുമായി സംസാരിച്ചപ്പോൾ ട്വിങ്കിൾ തികച്ചും സന്തോഷവാനായിരുന്നുവെന്ന് പിതാവ് ജഗീർ സിംഗ് പറഞ്ഞു. കൂടെ താമസിച്ചിരുന്നവർ നൽകിയ വിവരങ്ങളിൽ വൈരുദ്ധ്യമുണ്ടെന്നും അതിനാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
കുടുംബത്തിന്റെ പരാതിയെത്തുടർന്ന് ഇറ്റാലിയൻ പൊലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമാക്കാൻ വിശദമായ അന്വേഷണം വേണമെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും സമീപിച്ചിട്ടുണ്ട്.
Indian youth found dead in Italy; Family seeks help from central government, seeking investigation









