ന്യൂഡൽഹി: ഡിസംബറിലെ ഇൻഡിഗോ പ്രതിസന്ധി 10.46 ലക്ഷത്തിലധികം യാത്രക്കാരെ ബാധിച്ചെന്ന് വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ. വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെ ബാധിതരായ യാത്രക്കാർക്ക് നഷ്ടപരിഹാരവും സൗകര്യങ്ങളും നൽകുന്നതിനായി ആഭ്യന്തര വിമാനക്കമ്പനികൾ 24.27 കോടി രൂപ ചെലവഴിച്ചെന്നാണ് കണക്ക്.
ഇതിൽ ഇൻഡിഗോ എയർലൈൻസിൻ്റെ മാത്രം വിമാന റദ്ദാക്കലുകൾ 9.82 ലക്ഷം യാത്രക്കാരെയാണ് ബാധിച്ചത്. നഷ്ടപരിഹാരം നൽകുന്നതിനായി കമ്പനി 22.74 കോടി ചെലവഴിച്ചെന്നും ഡിജിസിഎയുടെ കണക്ക് വ്യക്തമാക്കുന്നു. ഡിസംബറിൽ ഷെഡ്യൂൾ ചെയ്ത ആഭ്യന്തര വിമാനക്കമ്പനികളുടെ മൊത്തം റദ്ദാക്കൽ നിരക്ക് 6.92% ആയിരുന്നു. ഇൻഡിഗോയുടേത് 9.65% ആയിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ വിപണി വിഹിതം നവംബറിലെ 63.6 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 59.6 ശതമാനമായി കുറഞ്ഞു. ഡിസംബർ തുടക്കത്തിലുണ്ടായ വലിയ തോതിലുള്ള വിമാന റദ്ദാക്കലുകളാണ് ഇടിവിന് കാരണമായത്.ഡിസംബറിൽ ആഭ്യന്തര വിമാനക്കമ്പനികൾക്കെതിരെ യാത്രക്കാരിൽ നിന്ന് ആകെ 29,212 പരാതികളായിരുന്നു ലഭിച്ചത്.
ഡിജിസിഎയുടെ കണക്ക് പ്രകാരം, വിമാനങ്ങൾ വൈകിയത് 8.34 ലക്ഷം യാത്രക്കാരെ ബാധിക്കുകയും ഇതിൻ്റെ ഭാഗമായി സൗകര്യങ്ങൾ ഒരുക്കുന്നതിനായി കമ്പനികൾ 4.50 കോടി ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. ബോർഡിങ് നിഷേധിക്കപ്പെട്ട 2,050 യാത്രക്കാർക്ക് നഷ്ടപരിഹാരമായി 2.08 കോടി നൽകി. 2025-ൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 1,669.46 ലക്ഷമായി ഉയർന്നു (മുൻ വർഷം 1,613.31 ലക്ഷം). 3.48% വാർഷിക വളർച്ച രേഖപ്പെടുത്തി. ഡിസംബറിൽ 4.14% ഇടിവ് രേഖപ്പെടുത്തിയെന്നും ഡിജിസിഎ റിപ്പോർട്ട് വ്യക്തമാക്കുന്നു.
IndiGo crisis in December: 9.82 lakh passengers affected, says DGCA









