ഹൂതി ആക്രമണം; സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ നീട്ടി ഇൻഡിഗോ, റിയാദിലേക്ക് ഒക്ടോബർ 31 വരെ സർവീസില്ല

റിയാദ്: ഹൂതി ആക്രമണങ്ങളിൽ സുരക്ഷാ ആശങ്കകൾ തുടരുന്നതിനിടെ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ നീട്ടി ഇൻഡിഗോ. റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്ടോബർ 31 വരെയും ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഒക്ടോബർ 27 വരെയും റദ്ദാക്കിയതായി റിയാദിലെ ഇന്ത്യൻ എംബസി വെള്ളിയാഴ്ച അറിയിച്ചു. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ സൗദിക്കെതിരെ ദീർഘകാലമായി ആക്രമണം നടത്തിവരികയാണ്.

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ, ഊർജ നിലയങ്ങൾ, മറ്റ് നിർണായക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഹൂതികളുടെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് വിമാന സർവീസുകളുടെ റദ്ദാക്കൽ ഇൻഡിഗോ നീട്ടിയിരിക്കുന്നത്. ബുധനാഴ്ച ദമാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ ദിവസം സൗദി അരാംകോയുടെ ഷൈബ എണ്ണപ്പാടത്തുണ്ടായ മറ്റൊരു ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനും പരുക്കേറ്റു. ഇതിനു പിന്നാലെയാണ് വിമാന സർവീസുകളുടെ റദ്ദാക്കൽ നീട്ടിയത്.

എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും സൗദിയിലേക്കും തിരിച്ചുമുള്ള എല്ലാ റൂട്ടുകളിലെയും സർവീസുകൾ ഒക്ടോബർ 24 വരെയും ആകാശ എയർ ഒക്ടോബർ 27 വരെയും റദ്ദാക്കിയിട്ടുണ്ട്. അടിയന്തരമായി നാട്ടിലേക്ക് മടങ്ങേണ്ട ഇന്ത്യക്കാർക്ക് ആവശ്യമായ വിസകൾ ലഭ്യമാക്കിയശേഷം ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങൾ വഴി യാത്ര ചെയ്യുന്നത് പരിഗണിക്കാമെന്ന് ഇന്ത്യൻ എംബസി നേരത്തെ അറിയിച്ചിരുന്നു. വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ ഉംറ തീർഥാടകരും പ്രതിസന്ധിയിലായിട്ടുണ്ട്. ഇവരുടെ മടക്കയാത്ര വേഗത്തിലാക്കാൻ വിദേശകാര്യ മന്ത്രാലയം വിമാനക്കമ്പനികളുമായും ടൂർ ഓപ്പറേറ്റർമാരുമായും ഏകോപനം നടത്തുന്നുണ്ട്.

റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും വിമാനക്കമ്പനികളുമായും ടൂർ ഓപ്പറേറ്റർമാരുമായും ബന്ധപ്പെട്ട് കുടുങ്ങിക്കിടക്കുന്ന തീർഥാടകരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇന്ത്യൻ സമൂഹത്തിലെ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ പ്രവാസികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്. ഇന്ത്യക്കാരുടെ സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.

നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് എംബസിയും കോൺസുലേറ്റും തുടർച്ചയായി മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുന്നുണ്ട്. ഒക്ടോബർ 10ന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇന്ത്യൻ സമൂഹത്തിന് എംബസി സുരക്ഷാ നിർദേശങ്ങൾ നൽകിയിരുന്നു. സൗദി അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും എംബസി ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു. വ്യോമാക്രമണമുണ്ടായാൽ കെട്ടിടത്തിനുള്ളിലെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്നും നിർദേശിച്ചിട്ടുണ്ട്.

ആക്രമണങ്ങളെ പ്രതിരോധിക്കുന്ന ദൃശ്യങ്ങളോ ആക്രമണം നടന്ന സ്ഥലങ്ങളുടെ ചിത്രങ്ങളോ വിഡിയോകളോ പകർത്തുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകി. സൗദി നിയമപ്രകാരം ഇത്തരം നടപടികൾക്ക് നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെന്നും എംബസി അറിയിച്ചു. ഏകദേശം 27.4 ലക്ഷം ഇന്ത്യക്കാരാണ് സൗദി അറേബ്യയിൽ താമസിക്കുന്നത്.

IndiGo extends cancellation of flights to Saudi Arabia: Indian mission

More Stories from this section

family-dental
witywide