
തൃശൂർ മണ്ഡലത്തിലെ കൂർക്കഞ്ചേരിയിൽ കൈക്ക് ശസ്ത്രക്രിയ കഴിഞ്ഞ പെൺകുട്ടിക്ക് വോട്ട് നിഷേധിക്കാൻ പോളിംഗ് ഉദ്യോഗസ്ഥർ ശ്രമിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. അക്ഷര എന്ന പെൺകുട്ടിക്കാണ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുമതി നിഷേധിച്ചത്. മിക്സിയിൽ കുരുങ്ങി ഇടതു കൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി ബാന്റേജ് ഇട്ടിരുന്നു. ഈ വിരലിൽ മഷി പുരട്ടാൻ കഴിയില്ലെന്ന കാരണം പറഞ്ഞാണ് വോട്ട് തടഞ്ഞത്. ഉച്ചയ്ക്ക് ഒരു മണി മുതൽ വോട്ടിനായി പെൺകുട്ടി കാത്തിരുന്നിട്ടും അധികൃതർ വഴങ്ങാത്തതോടെ വി.എസ്. സുനിൽകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തെത്തി പ്രതിഷേധിച്ചു.
സംഭവം വിവാദമായതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇടപെടുകയും വിവരങ്ങൾ തേടുകയും ചെയ്തു. അക്ഷര നേരത്തെ വോട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തിയാൽ മറ്റൊരു വിരലിൽ മഷി പുരട്ടി വോട്ട് ചെയ്യാൻ അനുവദിക്കാമെന്ന് സിഇഒ നിർദ്ദേശം നൽകി. ഇതോടെ വൈകിട്ട് ആറ് മണിയോടെ അക്ഷരയ്ക്ക് വോട്ട് രേഖപ്പെടുത്താൻ അനുമതി ലഭിച്ചു. പരിക്കേറ്റ വിരലിന് പകരം മറ്റൊരു വിരലിൽ മഷി പുരട്ടാമെന്ന ചട്ടം നിലനിൽക്കെ വോട്ട് തടഞ്ഞത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് നേതാക്കൾ ആരോപിച്ചു.
Injured girl allowed to vote in Thrissur after 5-hour standoff; CEO intervenes in Akshara’s case












