
ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ മാവേലിക്കര സബ് ജയിലിലടച്ചു. ജയിലിലെ 26/2026 നമ്പർ തടവുപുള്ളിയായാണ് രാഹുൽ ജയിൽവാസം ആരംഭിച്ചത്. അതീവ ഗുരുതരമായ വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്യപ്പെട്ടിട്ടും യാതൊരു കുലുക്കവുമില്ലാതെയാണ് രാഹുൽ ജയിലിലേക്ക് നീങ്ങിയത്. പത്തനംതിട്ട ജില്ലാ കോടതി മജിസ്‌ട്രേറ്റ് രാഹുലിന്റെ ജാമ്യാപേക്ഷ തള്ളുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയുമായിരുന്നു. ശനിയാഴ്ച അർധരാത്രി പാലക്കാട്ടെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ.ആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
അറസ്റ്റ് നടപടികൾക്കിടയിലും പോലീസിനും അന്വേഷണ ഉദ്യോഗസ്ഥർക്കും നേരെ വെല്ലുവിളി ഉയർത്തുന്ന നിലപാടാണ് രാഹുൽ സ്വീകരിച്ചത്. കേസിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്ന് രാഹുൽ ഉദ്യോഗസ്ഥരോട് പറഞ്ഞു. തന്നെ രാഷ്ട്രീയമായി തകർക്കാൻ കഴിയില്ലെന്നും വൈകാതെ തന്നെ പുറത്തിറങ്ങുമെന്നും രാഹുൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചാൽ പോലും താൻ വിജയിക്കുമെന്ന് ജയിലിലേക്ക് പോകുന്നതിന് മുൻപായി അദ്ദേഹം വെല്ലുവിളിച്ചു.
നിലവിൽ കോടതി ജാമ്യം നിഷേധിച്ചെങ്കിലും നാളെ വീണ്ടും പുതിയ ജാമ്യാപേക്ഷ സമർപ്പിക്കാനാണ് രാഹുലിന്റെ അഭിഭാഷകരുടെ നീക്കമെന്ന് സൂചനയുണ്ട്. വിദേശത്ത് താമസിക്കുന്ന മലയാളി യുവതി നൽകിയ പീഡന പരാതിയിലാണ് ഈ മൂന്നാം കേസ്. ബലാത്സംഗം, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് പോലീസ് റിപ്പോർട്ടിലുള്ളത്. രാഹുൽ ഒരു സ്ഥിരം കുറ്റവാളിയാണെന്നും പുറത്തിറങ്ങിയാൽ സാക്ഷികളെയും പരാതിക്കാരിയെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.












