
വാഷിംഗ്ടൺ: യുഎസ് ഡയറക്ടർ ഓഫ് നാഷണൽ ഇൻ്റലിജൻസ് (DNI) ആയ തുൾസി ഗബ്ബാർഡിനെ, വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാനുള്ള സൈനിക നീക്കത്തിൻ്റെ ആസൂത്രണത്തിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വെനസ്വേലയിലെ യുഎസ് സൈനിക ഇടപെടലിനെ തുൾസി ഗബ്ബാർഡ് മുൻപ് ശക്തമായി എതിർത്തിരുന്നതാണ് അതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
2019-ൽ ഒരു കോൺഗ്രസ് അംഗമായിരിക്കെ, വെനസ്വേലയിലെ കാര്യങ്ങളിൽ നിന്ന് അമേരിക്ക “മാറിനിൽക്കണമെന്ന്” അവർ വാദിച്ചിരുന്നു. വിദേശ രാജ്യങ്ങളിലെ ഭരണമാറ്റത്തിനുള്ള സൈനിക നീക്കങ്ങളെ എതിർക്കുന്ന തുൾസിയുടെ നിലപാടുകൾ കാരണം, ഈ അതീവ രഹസ്യമായ ഓപ്പറേഷനെ അവർ പിന്തുണയ്ക്കുമോ എന്ന കാര്യത്തിൽ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർക്ക് സംശയമുണ്ടായിരുന്നു. മാത്രമല്ല, യാതൊരു വിധത്തിലും പാളിച്ചകൾ ഉണ്ടാകാതിരിക്കാൻ അതീവ രഹസ്യമായ ഈ ഓപ്പറേഷനെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവരുടെ എണ്ണം പരിമിതപ്പെടുത്താൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപും ആഗ്രഹിച്ചിരുന്നു. സൈനിക നീക്കത്തിൻ്റെ വിവരങ്ങൾ ഗബ്ബാർഡിന് അറിയേണ്ട ആവശ്യമില്ലെന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.
എന്നാൽ, തുൾസിയെ ഈ നിർണായക ഓപ്പറേഷനിൽ നിന്നും ഒഴിവാക്കിയതിനെത്തുടർന്ന്, വൈറ്റ് ഹൗസിലെ ചില ഉദ്യോഗസ്ഥർക്കിടയിൽ അവരുടെ പദവിയുടെ ചുരുക്കപ്പേരായ DNI എന്നത് “Do Not Invite” എന്നാണെന്ന് പരിഹാസം ഉയർന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പക്ഷേ, വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും വൈറ്റ് ഹൗസ് വക്താക്കളും ഈ റിപ്പോർട്ടുകൾ നിഷേധിക്കുകയും, ഭരണകൂടം ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്നും തുൾസി ഗബ്ബാർഡിൽ പ്രസിഡൻ്റിന് പൂർണ്ണ വിശ്വാസമുണ്ടെന്നുമാണ് പ്രതികരിച്ചത്
പ്രസിഡൻ്റ് ട്രംപാണ് തുളസി ഗബ്ബാർഡിനെ ഈ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്തത്, 2025 ഫെബ്രുവരിയിൽ സെനറ്റ് ഇത് സ്ഥിരീകരിച്ചു. യുഎസിലെ 18 ഇന്റലിജൻസ് ഏജൻസികളുടെ തലപ്പത്തുള്ള പ്രധാന ചുമതലയാണിത്. മുമ്പ് ഡെമോക്രാറ്റിക് പാർട്ടി അംഗമായിരുന്ന ഇവർ 2024 ഒക്ടോബറിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്നു.
തുൾസി ഒരു ഹിന്ദുമത വിശ്വാസിയാണ്. അമേരിക്കൻ കോൺഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഹിന്ദു അംഗമാണ് അവർ. ഭഗവദ്ഗീതയിൽ കൈവെച്ചാണ് അവർ സത്യപ്രതിജ്ഞ ചെയ്തത്. തുൾസിയുടെ മാതാവ് ഹിന്ദു മതം സ്വീകരിച്ച വ്യക്തിയാണ്.
Intelligence Director Tulsi Gabbard was not informed of the military operation that captured Maduro, Report














