കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ആവേശം, വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനം സെപ്റ്റംബർ 27 ന്, കോലിയും രോഹിത്തും എത്തുമോ? ഇന്ത്യയുടെ ഹോം സീസൺ മത്സരക്രമം പുറത്ത്

ഈ വർഷത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹോം സീസൺ മത്സരക്രമം ബിസിസിഐ പുറത്തുവിട്ടു. ഇതിൽ കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകർന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഇടംപിടിച്ചു. സെപ്റ്റംബർ 27-ന് വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ഏകദിന മത്സരത്തോടെയാണ് ഇന്ത്യൻ സീസണിന് തുടക്കമാകുന്നത്. മുൻ നായകന്മാരായ വിരാട് കോലിയും രോഹിത് ശർമ്മയും കാര്യവട്ടത്ത് കളിക്കാനുണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്. ഗില്ലാണ് നായകനെങ്കിലും ഇരുവരും നിലവിൽ ഇന്ത്യൻ ഏകദിന ടീമിലുണ്ട്. വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, സിംബാബ്‌വെ, ഓസ്‌ട്രേലിയ ടീമുകളാണ് ഇത്തവണ ഇന്ത്യയിൽ പര്യടനം നടത്തുന്നത്. ആകെ 17 നഗരങ്ങളിലായി 22 മത്സരങ്ങളാണ് ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്.

വെസ്റ്റ് ഇൻഡീസിനെതിരെ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. സെപ്റ്റംബർ 27-ന് തിരുവനന്തപുരത്ത് തുടങ്ങുന്ന ഏകദിന പരമ്പരയുടെ തുടർന്നുള്ള മത്സരങ്ങൾ ഗുവാഹത്തി (സെപ്റ്റംബർ 30), ചണ്ഡീഗഡ് (ഒക്ടോബർ 3) എന്നിവിടങ്ങളിൽ നടക്കും. ഇതിനുശേഷം ഒക്ടോബർ 6 മുതൽ 17 വരെ ലക്നൗ, റാഞ്ചി, ഇൻഡോർ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലായി ടി20 പരമ്പര അരങ്ങേറും. ഡിസംബറിൽ ശ്രീലങ്കയും ജനുവരിയിൽ സിംബാബ്‌വെയും ഇന്ത്യയിലെത്തും. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ശ്രീലങ്കയുമായുള്ളത്. സിംബാബ്‌വെയ്‌ക്കെതിരെ മൂന്ന് ഏകദിന മത്സരങ്ങളുണ്ടാകും.

സീസണിലെ ഏറ്റവും വലിയ ആകർഷണം ജനുവരിയിൽ ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയാണ്. കഴിഞ്ഞ സീസണിൽ നഷ്ടമായ കിരീടം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാവും ഇന്ത്യ ഇറങ്ങുക. ജനുവരി 21-ന് നാഗ്‌പൂരിലാണ് ആദ്യ ടെസ്റ്റ്. തുടർന്ന് ചെന്നൈ, ഗുവാഹത്തി, റാഞ്ചി എന്നിവിടങ്ങളിൽ മത്സരങ്ങൾ നടക്കും. മാർച്ച് 3-ന് അഹമ്മദാബാദിൽ അവസാനിക്കുന്ന അഞ്ചാം ടെസ്റ്റോടെ സീസണിന് സമാപ്തിയാകും.

International Cricket Returns to Thiruvananthapuram: Greenfield Stadium to Host India vs West Indies ODI on September 27

More Stories from this section

family-dental
witywide