നിതിന്റെ വീട്ടിൽ അന്വേഷണ സംഘമെത്തി, മൊഴിയെടുപ്പ് പൂർത്തിയായി; കോളേജിന്റെ അംഗീകാരം റദ്ദാക്കണമെന്ന് അച്ഛൻ

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വീട്ടിലെത്തി മൊഴിയെടുത്തു. നിതിന്റെ അച്ഛൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ വിശദമായ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനാൽ നിതിന്റെ അമ്മയുടെ മൊഴി എടുക്കാനായില്ല. അധ്യാപകരിൽ നിന്ന് നിതിൻ നേരിട്ട ക്രൂരമായ മാനസിക പീഡനങ്ങളെക്കുറിച്ച് കുടുംബം പോലീസിനോട് വിശദീകരിച്ചു.

നിതിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കുന്നതിനായി ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. വരും ദിവസങ്ങളിൽ നിതിന്റെ സഹപാഠികളുടെ മൊഴി കൂടി രേഖപ്പെടുത്തുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

മകന്റെ മരണത്തിന് ശേഷം മാത്രമാണ് സഹപാഠികൾ പ്രതികരിച്ചതെന്നും സംഭവങ്ങൾ നേരത്തെ തുറന്നുപറയണമായിരുന്നുവെന്നും നിതിന്റെ അച്ഛൻ പറഞ്ഞു. ഇനിയൊരു വിദ്യാർത്ഥിക്കും ഈ ഗതി ഉണ്ടാകരുത്. കുറ്റക്കാരായ അധ്യാപകർക്കെതിരെ കർശന നടപടി വേണമെന്നും കോളേജിന്റെ അംഗീകാരം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് കുടുംബം വ്യക്തമാക്കി.

Investigation team records statements of Nithin Raj’s family; mobile phone to be sent for forensic analysis

More Stories from this section

family-dental
witywide