
ദോഹ: ഖത്തറിലെ പ്രധാന വ്യവസായ നഗരമായ റാസ് ലഫാനിലെ പ്രകൃതിവാതക പ്ലാൻ്റുകൾക്ക് നേരെയുണ്ടായ ഇറാൻ്റെ മിസൈൽ ആക്രമണം ദക്ഷിണേഷ്യൻ രാജ്യങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കും. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കുള്ള ദ്രവീകൃത പ്രകൃതിവാതകത്തിൻ്റെ (LNG) പ്രധാന സ്രോതസ്സായ ഇവിടെ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇത് ഈ രാജ്യങ്ങളിൽ വൈദ്യുതി തടസ്സത്തിനും വ്യവസായ ശാലകളുടെ പ്രവർത്തനത്തെ ബാധിക്കാനും കാരണമായേക്കും.
ഖത്തറിൻ്റെ മിക്കവാറും എല്ലാ പ്രകൃതിവാതകവും സംസ്കരിക്കുന്നതും കയറ്റുമതി ചെയ്യുന്നതും റാസ് ലഫാനിൽ നിന്നാണ്. കണക്കുകൾ പ്രകാരം പാകിസ്ഥാൻ തങ്ങളുടെ എൽഎൻജി ഇറക്കുമതിയുടെ 99 ശതമാനവും ബംഗ്ലാദേശ് 70 ശതമാനവും ഖത്തറിൽ നിന്നാണ് കണ്ടെത്തുന്നത്. ഇന്ത്യയുടെ എൽഎൻജി ഇറക്കുമതിയുടെ 40 ശതമാനത്തിലധികവും ഖത്തറിനെയാണ് ആശ്രയിക്കുന്നത്.
ഇന്ത്യയെ എങ്ങനെ ബാധിക്കും ?
പല രാജ്യങ്ങളും വൈദ്യുതി നിർമ്മാണത്തിനായി ഗ്യാസ് അധിഷ്ഠിത പവർ പ്ലാന്റുകളെയാണ് ആശ്രയിക്കുന്നത്. ആവശ്യത്തിന് വാതകം ലഭിക്കാതെ വരുമ്പോൾ ഈ പ്ലാന്റുകളുടെ പ്രവർത്തനം ഭാഗികമായോ പൂർണ്ണമായോ നിർത്തേണ്ടി വരും. ഇത് വൈദ്യുതി ഉൽപ്പാദനത്തിൽ വലിയ കുറവുണ്ടാക്കും. എന്നാൽ, ഇന്ത്യയുടെ ആകെ വൈദ്യുതി ഉൽപ്പാദനത്തിൽ ഗ്യാസ് പ്ലാന്റുകളുടെ പങ്ക് വെറും 3% മുതൽ 4% വരെ മാത്രമാണ്. പക്ഷേ, ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എൽഎൻജിയുടെ ഭൂരിഭാഗവും ഉപയോഗിക്കുന്നത് വൈദ്യുതി ഉണ്ടാക്കാനല്ല, മറിച്ച് വളം നിർമ്മാണ ശാലകൾ , പെട്രോോകെമിക്കൽസ്, സ്റ്റീൽ പ്ലാന്റുകൾ എന്നിവയിലാണ്.
ഖത്തറിൽ നിന്നുള്ള വിതരണം നിന്നാൽ ഈ വ്യവസായങ്ങളുടെ പ്രവർത്തനം മന്ദഗതിയിലാകും. ഖത്തറിൽ നിന്ന് വാതകം ലഭിക്കാതെ വരുമ്പോൾ ഇന്ത്യക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് വൻ വില കൊടുത്ത് എൽഎൻജി വാങ്ങേണ്ടി വരും. ഇത് രാജ്യത്തിൻ്റെ ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കും. പാകിസ്ഥാനെയോ ബംഗ്ലാദേശിനെയോ പോലെ ഇന്ത്യയിൽ പെട്ടെന്ന് ഇരുട്ടിലാകില്ല . കാരണം നമുക്ക് കൽക്കരി നിലയങ്ങളുണ്ട്. എന്നാൽ, വ്യവസായ മേഖലയിലും പാചകവാതക വിതരണത്തിലും ഈ പ്രതിസന്ധി വലിയ വിലക്കയറ്റത്തിന് കാരണമായേക്കാം.
ഇറാൻ യുദ്ധം ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോൾ, ലോകത്തെ പ്രധാന എണ്ണ-വാതക കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടഞ്ഞ നിലയിലാണ്. ഇതിന് പിന്നാലെയാണ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എൽഎൻജി പ്ലാന്റിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. പ്ലാൻ്റിൻ്റെ പ്രവർത്തനം ഖത്തർ എനർജി താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നാശനഷ്ടങ്ങൾ കണക്കിലെടുക്കുമ്പോൾ ഉൽപ്പാദനം പൂർവ്വസ്ഥിതിയിലാക്കാൻ മാസങ്ങൾ എടുത്തേക്കാം.
പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിലവിൽ ഒന്നോ രണ്ടോ ആഴ്ചത്തേക്കുള്ള വാതക ശേഖരം മാത്രമേയുള്ളൂ എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഇത് വ്യവസായ മേഖലയിലേക്കുള്ള വാതക വിതരണം കുറയ്ക്കുന്നതിനും പവർ കട്ടുകൾക്കും കാരണമാകും.
കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ തായ്‌വാനും പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഏപ്രിൽ മാസം വരെയുള്ള ശേഖരം തങ്ങളുടെ പക്കലുണ്ടെന്ന് അവർ അറിയിച്ചു. ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഖത്തറിൽ നിന്ന് വലിയ തോതിൽ വാതകം വാങ്ങുന്നുണ്ടെങ്കിലും, അവർക്ക് മതിയായ കരുതൽ ശേഖരമുള്ളതിനാൽ നിലവിൽ വലിയ ഭീഷണിയില്ല.
Iran attack on gas plant in Qatar: Potential for severe energy crisis in South Asian countries including India















