
വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിലെ യുഎസ് സർക്കാർ-സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ, സൗദി അറേബ്യ, ഒമാൻ, സൈപ്രസ് എന്നിവിടങ്ങളിലെ അത്യാവശ്യ വിഭാഗത്തിൽപ്പെടാത്ത ജീവനക്കാരോടും അവരുടെ കുടുംബങ്ങളോടും രാജ്യം വിടാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് നിർദ്ദേശം നൽകി.
സൗദി അറേബ്യയിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ഈ നടപടി. ഇറാനിൽ നിന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണ ഭീഷണി നിലനിൽക്കുന്നതായും, സൗദിയിലുള്ള അമേരിക്കൻ പൗരന്മാരെ സഹായിക്കുന്നതിൽ സർക്കാരിന് പരിമിതികളുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
സൈപ്രസിലും ഒമാനിലും സുരക്ഷാ ഭീഷണിയുണ്ടെന്ന് നോട്ടീസിൽ പറയുന്നു. തിങ്കളാഴ്ച സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളമായ ആക്രോതിരിക്ക് നേരെ ഡ്രോൺ ആക്രമണം നടന്നിരുന്നു. 1986-ന് ശേഷം ഇതാദ്യമായാണ് ഈ കേന്ദ്രത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത്.
അമേരിക്കയ്ക്കും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാറുള്ള ഒമാനെ സാധാരണഗതിയിൽ ഇത്തരം ആക്രമണങ്ങൾ ബാധിക്കാറില്ലെങ്കിലും, ഒമാനിലെ ദുക്കം തുറമുഖത്തിന് നേരെ ഒന്നിലധികം തവണ ഇറാൻ്റെ ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.
Iran attacks continue: US withdraws staff from Saudi Arabia, Oman, Cyprus













