
അമേരിക്കയുമായി ഇസ്ലാമാബാദിൽ നടന്ന ഉന്നതതല വെടിനിർത്തൽ ചർച്ച പരാജയപ്പെടാനുള്ള കാരണം വെളിപ്പെടുത്തി ഇറാൻ. സൈനികമായി നേടിയെടുക്കാൻ കഴിയാത്ത കാര്യങ്ങൾ ചർച്ചകളിലൂടെ അടിച്ചേൽപ്പിക്കാനാണ് അമേരിക്ക ശ്രമിച്ചതെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് കുറ്റപ്പെടുത്തി. 1979-ന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ട് നടത്തിയ ആദ്യ ചർച്ചയായിരുന്നു ഇത്. എന്നാൽ ചർച്ചകളിൽ അമേരിക്കയ്ക്ക് ഇറാന്റെ വിശ്വാസം നേടിയെടുക്കാനായില്ലെന്നും ഗാലിബാഫ് ടെഹ്‌റാനിൽ വ്യക്തമാക്കി.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഇറാൻ സ്പീക്കറുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. ആറ് ആഴ്ചയായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ മധ്യസ്ഥതയിൽ 21 മണിക്കൂറിലധികം മാരത്തൺ ചർച്ചകൾ നടന്നെങ്കിലും തീരുമാനമായില്ല. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഉറപ്പാണ് തങ്ങൾക്ക് പ്രധാനമെന്ന് ജെ ഡി വാൻസ് പറഞ്ഞു. എന്നാൽ അമേരിക്കയുടെ നിബന്ധനകൾ ഇറാൻ അംഗീകരിക്കാത്തതിനെത്തുടർന്ന് ചർച്ചകൾ വഴിമുട്ടുകയായിരുന്നു.
ഒരു കരാറിലെത്താൻ സാധിക്കാതെയാണ് അമേരിക്കൻ സംഘം മടങ്ങിയതെന്ന് ജെ ഡി വാൻസ് മാധ്യമങ്ങളോട് പറഞ്ഞു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരമാണ് കരാറിന് ശ്രമിച്ചതെങ്കിലും പുരോഗതി ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. പശ്ചിമേഷ്യൻ യുദ്ധം 40 ദിവസം പിന്നിടുമ്പോഴും സമാധാന ശ്രമങ്ങൾ പരാജയപ്പെടുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. അതേസമയം, ഇരുരാജ്യങ്ങളെയും വീണ്ടും ചർച്ചയുടെ മേശയിലെത്തിക്കാൻ ശ്രമം തുടരുമെന്ന് പാകിസ്ഥാൻ അറിയിച്ചു.
Iran Blames US for Failed Peace Talks; JD Vance Says No Progress as Deadlock Continues in Islamabad











