
ടെഹ്റാൻ: ഉന്നത കമാൻഡർമാരെ ലക്ഷ്യമിട്ടുള്ള യുഎസ്- ഇസ്രയേൽ നടത്തുന്ന കൊലപാതകങ്ങൾ ഇറാൻ്റെ പോരാട്ടവീര്യത്തെ തകർക്കില്ലെന്ന് സുപ്രീം നേതാവ് മൊജ്തബ ഖമേനി. റെവല്യൂഷണറി ഗാർഡ്‌സിൻ്റെ (IRGC) ഇൻ്റലിജൻസ് വിഭാഗം തലവൻ മേജർ ജനറൽ മജിദ് ഖാദേമി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
ദശാബ്ദങ്ങളോളം സുരക്ഷാ, രഹസ്യാന്വേഷണ മേഖലകളിൽ നിശബ്ദവും അർപ്പണബോധമുള്ളതുമായ സേവനം കാഴ്ചവെച്ച വ്യക്തിയായിരുന്നു ഖാദേമിയെന്ന് ഖമേനി അനുസ്മരിച്ചു. ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും ഇറാൻ്റെ സായുധ സേനയുടെ ദൃഢനിശ്ചയത്തിൽ വിള്ളൽ വീഴ്ത്താൻ കഴിയില്ലെന്നും, ജിഹാദി ആശയങ്ങളിൽ ഉറച്ചുനിന്നുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
തൻ്റെ പിതാവായ ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് ശേഷം അധികാരമേറ്റ മൊജ്തബ ഖമേനി, ഒരു രേഖാമൂലമുള്ള പ്രസ്താവനയിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. യുദ്ധം ആരംഭിച്ച ശേഷം അദ്ദേഹം ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഫെബ്രുവരി അവസാനം മുതൽ ആരംഭിച്ച സംഘർഷങ്ങളിൽ ഡസൻ കണക്കിന് ഇറാനിയൻ രാഷ്ട്രീയ-സൈനിക ഉദ്യോഗസ്ഥരെ ഇസ്രായേൽ ലക്ഷ്യമിട്ടിട്ടുണ്ട്. ഖാദേമിയുടെ വധം ഇറാനും ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേൽ പൗരന്മാരുടെ മരണത്തിന് നേരിട്ട് ഉത്തരവാദിയായ വ്യക്തിയായിരുന്നു ഖാദേമിയെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു.
ഇതിനുപുറമെ, ഐആർജിസി കുദ്‌സ് ഫോഴ്‌സിൻ്റെ സ്പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റ് കമാൻഡറായ അസ്ഗർ ബാഗേരിയെയും വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. എന്നാൽ ഇതിനോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Iran cannot be weakened by killing commanders: Supreme Leader Mojtaba Khamenei vows retaliation














