ഖമനേയിയുടെ വധത്തിന് പ്രതികാരം; അമേരിക്കൻ പടക്കപ്പൽ എബ്രഹാം ലിങ്കൺ ആക്രമിച്ചെന്ന് ഇറാൻ, ‘ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു’

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ പ്രത്യാക്രമണം ശക്തമാക്കി ഇറാൻ. യുഎസ് നാവികസേനയുടെ കരുത്തായ ‘യുഎസ്എസ് എബ്രഹാം ലിങ്കൺ’ വിമാനവാഹിനിക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്നാണ് ഇറാന്റെ പുതിയ അവകാശവാദം. നാല് ബാലസ്റ്റിക് മിസൈലുകൾ കപ്പലിൽ നേരിട്ട് പതിച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിന്റെ ഭാഗമായാണ് ഈ ആക്രമണമെന്നും ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ-സയണിസ്റ്റ് സഖ്യത്തിന്റെ താവളങ്ങൾ തകർക്കുന്നതിനുള്ള സൈനിക നീക്കങ്ങളുടെ തുടർച്ചയാണിതെന്ന് ഐആർജിസി വ്യക്തമാക്കി. ഖമനേയിയുടെയും മറ്റ് പ്രമുഖ നേതാക്കളുടെയും വധത്തിന് പകരമായി ശത്രുക്കൾക്ക് കനത്ത പ്രഹരം നൽകാനാണ് ഇറാന്റെ നീക്കം. പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സൈനിക സാന്നിധ്യത്തിനുള്ള ശക്തമായ താക്കീതാണിതെന്നും ഐആർജിസി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. എന്നാൽ, തങ്ങളുടെ പടക്കപ്പലിന് നേരെ ആക്രമണം നടന്നതായോ നാശനഷ്ടങ്ങൾ ഉണ്ടായതായോ അമേരിക്കൻ പ്രതിരോധ വിഭാഗം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അമേരിക്കൻ പടക്കപ്പലിന് നേരെയുള്ള ആക്രമണ വാർത്തകൾ പുറത്തുവന്നതോടെ ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇറാന്റെ അവകാശവാദം ശരിയാണെങ്കിൽ പശ്ചിമേഷ്യയിൽ ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിന് ഇത് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ആഗോള വിപണിയിലും ഈ സംഘർഷം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ഭീതി നിലനിൽക്കുന്നു. ഇറാന്റെ അടുത്ത നീക്കമെന്തായിരിക്കുമെന്ന് ലോകം ഉറ്റുനോക്കുമ്പോൾ, മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങളിൽ സുരക്ഷാ സജ്ജീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്.

Iran Claims Missile Strike on US Aircraft Carrier Abraham Lincoln Amid Retaliation

More Stories from this section

family-dental
witywide