ട്രംപിൻ്റെ നീക്കം ഭയന്ന് വ്യോമപാതയടച്ച് ഇറാൻ, കഷ്ടിച്ച് ‘രക്ഷപെട്ട്’ ഇൻഡിഗോ, യുഎസിലേക്കുള്ള മൂന്നു വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ന്യൂഡൽഹി: ജോർജിയയിലെ ടിബിലിസിയിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനം (6E 1808), ഇറാൻ വ്യോമപാത അടയ്ക്കുന്നതിന് തൊട്ടുമുമ്പ് സുരക്ഷിതമായി ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നു.

അമേരിക്കയുമായുള്ള സംഘർഷം വർധിച്ചതിനെത്തുടർന്ന്  ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടയ്ക്കാൻ തീരുമാനിച്ചതിന് മിനിറ്റുകൾക്ക് മുൻപാണ് വിമാനം ഈ മേഖല പിന്നിട്ടത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് ഘട്ടങ്ങളിലായാണ് (പ്രാദേശിക സമയം പുലർച്ചെ 1:45 മുതൽ 4:00 വരെയും, തുടർന്ന് 4:44 മുതൽ 7:00 വരെയും) കൂടുതൽ വിമാനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയത്. ഫ്ലൈറ്റ്റാഡാർ 24 ൽ നിന്നുള്ള തത്സമയ ട്രാക്കിംഗ് ഡാറ്റ പ്രകാരം, ബുധനാഴ്ച രാത്രി വൈകി ടിബിലിസിയിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനം വ്യാഴാഴ്ച പുലർച്ചെ ഇറാൻ കടന്ന് രാവിലെ 7.03 ന് ഡൽഹിയിൽ ഇറങ്ങി. രാജ്യം പെട്ടെന്ന് വ്യോമപാത അടയ്ക്കുന്നതിന് തൊട്ടുമുമ്പ് അവിടെനിന്നും പുറത്തുകടന്ന അവസാനത്തെ വിദേശ വിമാനങ്ങളിൽ ഒന്നായിരുന്നു ഇത്.

ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൈനിക നീക്കം നടത്തിയേക്കുമെന്ന ഭീഷണിയെത്തുടർന്നാണ് മുൻകരുതലായി വ്യോമപാത അടച്ചത്. ഈ നടപടിയെത്തുടർന്ന് എയർ ഇന്ത്യയടക്കമുള്ള ഇന്ത്യൻ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകൾ വഴിതിരിച്ചുവിടുകയോ വൈകുകയോ ചെയ്തു. വെല്ലുവിളികൾ കണക്കിലെടുത്ത് ഇൻഡിഗോ വെള്ളിയാഴ്ചത്തെ മുംബൈ-ടിബിലിസി, ടിബിലിസി-മുംബൈ വിമാന സർവീസുകൾ റദ്ദാക്കി. ഇന്ത്യയിൽനിന്നും യുഎസിലേക്കുള്ള മൂന്നു വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. യൂറോപ്പിലേക്കുള്ള വിമാന സർവീസുകളും വൈകിയേക്കും.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

യൂറോപ്പ്, വടക്കേ അമേരിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യൻ വിമാനങ്ങൾ സാധാരണയായി ഇറാന്റെ വ്യോമപാതയിലൂടെയാണ് പറക്കുന്നത് . ഈ പാത ഒഴിവാക്കുമ്പോൾ വിമാനങ്ങൾക്ക് ചുറ്റിക്കറങ്ങി പോകേണ്ടി വരുന്നു. ദൂരം കൂടുന്നതോടെ യാത്രാ സമയത്തിലും വർദ്ധനവുണ്ടാകുന്നു. കൂടുതൽ സമയം പറക്കേണ്ടി വരുന്നത് വിമാനങ്ങളുടെ ഇന്ധന ഉപഭോഗം വർദ്ധിപ്പിക്കുന്നു. ഇത് വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് കൂട്ടുന്നു. ഇന്ധനച്ചെലവും മറ്റ് പ്രവർത്തനച്ചെലവുകളും കൂടുന്നത് യാത്രക്കാരുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നതിന് കാരണമാകാറുണ്ട് .

Iran closes airspace fearing Trump’s move, IndiGo barely ‘escapes’, lands safely in Delhi from Georgia

More Stories from this section

family-dental
witywide