അമേരിക്ക – ഇസ്രയേൽ- ഇറാൻ സംഘർഷം രൂക്ഷമാകവേ ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ. മേഖലയിലൂടെ കടന്നുപോകുന്ന കപ്പലിന് തീയിടുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് കടലിടുക്ക് അടച്ചത്. ഇറാന്റെ നിയന്ത്രണത്തിലുള്ള ഈ കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി പാതയായി കണക്കാക്കപ്പെടുന്നത്.
ഇറാനിൽ യുഎസ് ആക്രമണം ആരംഭിച്ചതിനുശേഷം ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകൾ പലതവണ ലക്ഷ്യമാക്കി ആക്രമണം നടത്തിയിട്ടുണ്ട്. സമീപ ആഴ്ചകളിൽ രണ്ടാം തവണയാണ് ടെഹ്‌റാൻ ഈ പാത അടച്ചിടുന്നത്. ഹോർമുസ് കടലിടുക്കിലൂടെയാണ് ആഗോള എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത്. ആഗോള ഊർജ്ജ വ്യാപാരം ഇതിനകം തന്നെ പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് ഈ നീക്കം എണ്ണവില കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നത്.
അതേസമയം, ഇറാനെതിരെ കനത്ത തിരിച്ചടി വരാനിരിക്കുന്നതേയുള്ളൂവെന്ന്യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വ്യക്തമാക്കി. ആവശ്യമെങ്കിൽ ഇറാനിലേക്ക് കരസേനയെ അയക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും പറഞ്ഞു. സംഘർഷത്തെ തുടർന്ന് അമേരിക്കൻ പൗരന്മാർ ഉടനടി പശ്ചിമേഷ്യൻ രാഷ്ട്രങ്ങളിൽ നിന്നും ഒഴിഞ്ഞുപോകണമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിർദ്ദേശം നൽകി.
ഗുരുതരമായ സുരക്ഷ പ്രശ്‌നങ്ങൾക്കിടയുണ്ടെന്നും യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പൗരന്മാരോട് വ്യക്തമാക്കി.നിലവിലെ സൈനിക നീക്കം മുൻകൂട്ടി നിശ്ചയിച്ചതിലും വേഗത്തിൽ പുരോഗമിക്കുകയാണ്. ഇറാന് മേലുള്ള ഏറ്റവും വലിയ ആക്രമണം ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ലോക സുരക്ഷക്കായാണ് ഇറാനെ ആക്രമിച്ചത്. ബാലിസ്റ്റിക് മിസൈലുകൾ അമേരിക്കക്ക് ഭീഷണിയാണ്. എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കും. ഇറാൻ നാവിക സേനയുടെ 10 കപ്പലുകളാണ് തകർത്തതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Iran Closes Strait Of Hormuz, IRGC Warns Ship Will Be Set On Fire










