ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ പുല്ലുവില; ഒരു മനോരോഗിക്കും തങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് തിരിച്ചടി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ ‘ചൊവ്വാഴ്ച അന്ത്യശാസനത്തെ’ പരിഹസിച്ച് തള്ളിക്കൊണ്ട് ഇറാൻ രംഗത്തെത്തി. ചൊവ്വാഴ്ചയ്ക്കുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഒരു നാഗരികതയെ മുഴുവൻ ഇല്ലാതാക്കുമെന്ന ട്രംപിന്റെ ഭീഷണിയെ പുച്ഛിച്ചുതള്ളിയ ഇറാൻ, ചരിത്രത്തിൽ അലക്സാണ്ടർ ചക്രവർത്തിക്കും മംഗോളിയൻ പടയ്ക്കും പോലും സാധിക്കാത്തത് ഒരു ‘മനോരോഗിക്ക്’ കഴിയില്ലെന്ന് തിരിച്ചടിച്ചു. തുർക്കിയിലെ ഇറാൻ എംബസി വഴിയാണ് ചരിത്രപരമായ വസ്തുതകൾ നിരത്തി ട്രംപിന് ഇറാൻ മറുപടി നൽകിയത്. കീഴടങ്ങുന്ന തരത്തിലുള്ള യാതൊരു നിബന്ധനകൾക്കും തങ്ങൾ വഴങ്ങില്ലെന്നും ഇറാൻ വ്യക്തമാക്കി.

അമേരിക്ക വിട്ടുവീഴ്ചകൾക്ക് തയ്യാറാണെങ്കിൽ സമാധാനത്തിന് തങ്ങളും ഒരുക്കമാണെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ ഭീഷണി തുടരുകയും സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയും ചെയ്താൽ ഹോർമൂസ് കടലിടുക്കിന് പുറമെ ബാബ് അൽ മന്ദബ് കൂടി അടയ്ക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതോടെ ആഗോള എണ്ണ വിപണിയും ചരക്കുനീക്കവും പൂർണ്ണമായും സ്തംഭിക്കുമെന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം. ട്രംപിന്റെ കൊലവിളിയെ ഗൗനിക്കാതെ സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കാനാണ് ഇറാന്റെ തീരുമാനമെന്ന് വ്യക്തമായതോടെ മേഖലയിൽ യുദ്ധം അനിവാര്യമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.

നേരത്തെ, ഹോർമൂസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ ഇറാൻ വഴങ്ങിയില്ലെങ്കിൽ ഇന്ന് രാത്രിയോടെ ഒരു നാഗരികത എന്നെന്നേക്കുമായി മരിക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നായിരിക്കും ഇന്ന് രാത്രിയെന്നും അദ്ദേഹം കുറിച്ചു. ഇറാന്റെ ഔദ്യോഗിക കേന്ദ്രങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വെച്ച് വൻതോതിലുള്ള ആക്രമണത്തിന് അമേരിക്കൻ സൈന്യം തയ്യാറെടുക്കുന്നതിനിടെയാണ് ഇറാന്റെ ഈ ശക്തമായ വെല്ലുവിളി. ഇതോടെ പശ്ചിമേഷ്യൻ പ്രതിസന്ധി അതിന്റെ ഏറ്റവും രൂക്ഷമായ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

Iran defies Trump’s Tuesday deadline; warns of closing Bab al-Mandab as tensions rise

More Stories from this section

family-dental
witywide