ടെഹ്റാൻ: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. ഇസ്രായേൽ-അമേരിക്കൻ ആക്രമണത്തിൽ 51സ്കൂൾ വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതായി ഇറാൻ ആരോപിച്ചു.
അതേസമയം മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും ഇറാൻ വ്യക്തമാക്കി. ഇറാനെതിരെ ‘വലിയ സൈനിക നടപടി’ ആരംഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു.
ശനിയാഴ്ച പുലർച്ചെ ടെഹ്റാനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതിന് പിന്നാലെ, ഇറാനെതിരെ ‘മുൻകരുതൽ ആക്രമണം’ നടത്തിയതായി ഇസ്രായേൽ അറിയിച്ചു. സുപ്രീം ലീഡർ ആയത്തൊള്ള അലി ഖമേനെയുടെ ഓഫിസുകൾക്ക് സമീപവും ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. ‘റോർ ഓഫ് ദി ലയൺ’ എന്നാണ് ഈ സൈനിക നടപടിക്ക് നൽകിയിരിക്കുന്ന പേര്. ജെറുസലേമിൽ സൈറൺ മുഴക്കുകയും രാജ്യത്തുടനീളം ജനങ്ങൾക്ക് മൊബൈൽ അലർട്ട് നൽകുകയും ചെയ്തു. ഇസ്രായേൽ സൈന്യം ഇത് മിസൈൽ ആക്രമണ സാധ്യത മുന്നിൽക്കണ്ട് നൽകിയ മുന്നറിയിപ്പാണെന്ന് വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ അന്തിമ തീരുമാനമില്ലാതെ അവസാനിച്ചതിന് മണിക്കൂറുകൾക്കുശേഷമാണ് ആക്രമണം നടന്നത്. “നമുക്ക് വലിയൊരു തീരുമാനം എടുക്കാനുണ്ട്. അത്ര എളുപ്പമല്ല,” എന്നാണ് ട്രംപ് പ്രതികരിച്ചത്. കഴിഞ്ഞ 47 വർഷമായി ഇറാൻ അക്രമങ്ങൾ നടത്തിവരികയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ, ഇറാനിൽ നിന്ന് ഇസ്രായേലിലേക്കു വിക്ഷേപിച്ച മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുകയാണെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഇസ്രായേലിനെതിരെ ‘കടുത്ത തിരിച്ചടി’ നൽകുമെന്ന് ഇറാനു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, പ്രദേശത്തെ സംഘർഷാവസ്ഥയിൽ അന്താരാഷ്ട്ര സമൂഹം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
Iran-Israel tensions escalate; 51 students killed, Iran targets US bases in Middle East









