
മനാമ/കുവൈത്ത് സിറ്റി: ഗൾഫ് മേഖലയെ നടുക്കി ബഹ്റൈനിലും കുവൈത്തിലും ഇറാൻ്റെ കനത്ത ആക്രമണം. ബഹ്റൈനിലെ സിത്ര മേഖലയിലും കുവൈത്തിലെ പ്രധാന സർക്കാർ കേന്ദ്രങ്ങൾക്കും എണ്ണ ശുദ്ധീകരണ ശാലകൾക്കും നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി വൈകിയും ഞായറാഴ്ച പുലർച്ചെയുമായി നടന്ന ഡ്രോൺ – മിസൈൽ ആക്രമണങ്ങളിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ബഹ്റൈനിൽ ജനവാസ മേഖലയിലും റിഫൈനറിയിലും തീപിടുത്തം.
ബഹ്റൈനിലെ പ്രധാന വ്യവസായ കേന്ദ്രമായ സിത്രയിലെ ബാപ്കോ എനർജി ഓയിൽ റിഫൈനറിക്ക് നേരെയാണ് മിസൈൽ ആക്രമണമുണ്ടായത്. ഇതിനെത്തുടർന്ന് റിഫൈനറിയിൽ വൻ തീപിടുത്തമുണ്ടായി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ സിവിൽ ഡിഫൻസ് യൂണിറ്റുകൾ തീ നിയന്ത്രണ വിധേയമാക്കി.
ആക്രമണത്തിൽ റിഫൈനറിക്ക് സമീപത്തെ ജനവാസ കേന്ദ്രങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. കുട്ടികളടക്കം 32 പേർക്ക് പരിക്കേറ്റതായും ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സിത്രയിലെ ആമസോൺ ഡാറ്റാ സെൻ്ററിന് നേരെയും ആക്രമണ ശ്രമമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
കുവൈത്തിൽ മിനിസ്ട്രി കോംപ്ലക്സ് ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം
കുവൈത്തിൽ അതീവ സുരക്ഷാ മേഖലയായ മിനിസ്ട്രി കോംപ്ലക്സ് (Ministries Complex) ലക്ഷ്യമിട്ടാണ് ഡ്രോൺ ആക്രമണം നടന്നത്. ആക്രമണത്തിൽ കെട്ടിടത്തിന് വൻ നാശനഷ്ടങ്ങൾ സംഭവിച്ചു. കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (KPC) ആസ്ഥാനം, മിന അൽ അഹമ്മദി റിഫൈനറി, ഷുവൈഖ് ഓയിൽ സെക്ടർ കോംപ്ലക്സ് എന്നിവിടങ്ങളിലും ഡ്രോണുകൾ പതിച്ചു.
രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെ വൈദ്യുതി – ജലവിതരണ ശൃംഖലകൾക്ക് നേരെയും ആക്രമണമുണ്ടായി. രണ്ട് പ്രധാന പവർ സ്റ്റേഷനുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടു. കുവൈത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു.
മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ഇരു രാജ്യങ്ങളും സുരക്ഷാ സജ്ജീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇറാൻ – ഇസ്രായേൽ സംഘർഷം വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകുമെന്നാണ് സൂചനകൾ.
Iran launches massive attacks on Bahrain and Kuwait; drones and missiles target oil storage facilities and ministries











