
അമേരിക്കയുമായുള്ള നിർണായക ചർച്ചകളുടെ തുടർച്ചയ്ക്കായി ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ഉൾപ്പെടുന്ന ഉന്നതതല സംഘം ഖത്തറിലെത്തി. സന്ദർശനത്തിനിടെ ഇറാൻ പ്രതിനിധികൾ ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തും. മേഖലയിലെ സമാധാന ശ്രമങ്ങളിലും യുഎസ്-ഇറാൻ ചർച്ചകളിലും മധ്യസ്ഥത വഹിക്കുന്ന പ്രധാന രാജ്യമെന്ന നിലയിലാണ് ഈ ഉന്നതതല സന്ദർശനം.
അതേസമയം പാകിസ്ഥാൻ സൈനിക മേധാവി ചൈനയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയാണ്. അമേരിക്കയുമായി രൂപപ്പെടുന്ന പുതിയ ധാരണകൾക്കും കരാറുകൾക്കും മുന്നോടിയായി ചൈനയുടെ അന്താരാഷ്ട്ര ഗ്യാരണ്ടി ഉറപ്പാക്കാൻ ഇറാൻ ശ്രമിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ പാക് സേനാ മേധാവിയുടെ ചൈനീസ് സന്ദർശനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ഏഷ്യൻ മേഖലയിലെ ഈ പുതിയ നയതന്ത്ര നീക്കങ്ങൾ. ആണവ പദ്ധതിയടക്കമുള്ള വിഷയങ്ങളിൽ അമേരിക്കയുമായി അന്തിമ ധാരണയിലെത്തുന്നതിന് മുൻപ് തങ്ങളുടെ സുഹൃദ് രാജ്യങ്ങളെക്കൂടി വിശ്വാസത്തിലെടുക്കാനാണ് ഇറാന്റെ ശ്രമം. വരും ദിവസങ്ങളിൽ ഈ ചർച്ചകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.
Iran Leaders in Qatar for Follow-up Talks with US; Pakistan Army Chief Visits China















