ട്രംപ് വലിയ നുണയൻ; ഇറാൻ ആണവായുധങ്ങൾക്കായി ശ്രമിക്കുന്നില്ലെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്

ടെഹ്റാൻ: ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട യുഎസ് ആരോപണങ്ങൾ തള്ളി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ‘വലിയ നുണയൻ’ എന്നും IRGC വക്താവ് ഹൊസൈൻ മൊഹെബ്ബി വിശേഷിപ്പിച്ചു. ഇറാൻ ആണവായുധങ്ങൾക്കായി ശ്രമിക്കുന്നില്ലെന്ന് ശത്രുവിന് അറിയാം. ഇറാന്റെ ആണവ പദ്ധതിയല്ല അവരുടെ പ്രശ്നം. മറിച്ച് ഇറാന്റെ ശക്തിയാണ് അവർ ലക്ഷ്യമിടുന്നത്. അത് തകർക്കാനാണ് അവരുടെ ശ്രമം എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തതായി മൊഹെബ്ബി പറഞ്ഞു.

ഇറാന് ഒരിക്കലും ആണവായുധം നിർമിക്കാൻ കഴിയാത്ത സാഹചര്യം ഉറപ്പാക്കേണ്ടത് യുഎസ് ആക്രമണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള പുതിയ നിർദേശത്തിൽ വാഷിങ്ടണിന്റെ ഔദ്യോഗിക മറുപടിക്കായി ഇറാൻ കാത്തിരിക്കുന്നതിനിടെയാണ് മൊഹെബ്ബിയുടെ പ്രതികരണം. ഹോർമുസ് കടലിടുക്കിന്മേലുള്ള ഇറാന്റെ നിയന്ത്രണശേഷി ഏറെ നഷ്ടപ്പെട്ടെന്ന യുഎസ് വാദവും മൊഹെബ്ബി തള്ളി.

“വലിയ ചെലവും ബുദ്ധിമുട്ടും ഉയർന്ന അപകടസാധ്യതയും ഏറ്റെടുത്ത് രാത്രിയുടെ മറവിൽ ഒരു ചെറിയ കപ്പലിന് കടലിടുക്കിലൂടെ കടത്തിവിട്ട് 100 അല്ലെങ്കിൽ 200 ബാരൽ എണ്ണ കയറ്റുമതി ചെയ്യാൻ അമേരിക്കയ്ക്ക് കഴിഞ്ഞുവെന്നത് ഹോർമുസ് കടലിടുക്ക് തുറന്നുവെന്നർഥമല്ല,” എന്ന് മൊഹെബ്ബി പറഞ്ഞു. ജലപാതയിലൂടെയുള്ള എണ്ണ കയറ്റുമതി വീണ്ടെടുക്കുന്നതായി കെപ്ലർ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. പ്രതിദിന എണ്ണ കയറ്റുമതി ഏകദേശം ഒരു കോടി ബാരലിലെത്തുമെന്നാണ് കണക്കാക്കുന്നത്. യുദ്ധത്തിന് മുമ്പുണ്ടായിരുന്ന അളവിന്റെ പകുതിയോളമാണിത്.

മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്നും IRGC വക്താവ് ആരോപിച്ചു. യുഎസ് സാമ്പത്തിക ഉപരോധങ്ങൾ തുടരുമ്പോഴും അയൽരാജ്യങ്ങളുമായുള്ള ബന്ധം ഇറാൻ തുടരുമെന്നും മൊഹെബ്ബി പറഞ്ഞു.“അയൽരാജ്യങ്ങളോടുള്ള സന്ദേശമായി പറയട്ടെ, യുഎസ് സൈനിക താവളങ്ങൾ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുക മാത്രമല്ല, അവ തന്നെ അരക്ഷിതാവസ്ഥയുടെ ഉറവിടമാണെന്ന് മേഖലയിലെ സർക്കാരുകളും ജനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്,” മൊഹെബ്ബി പറഞ്ഞു.

മേഖലയിൽ യുഎസ് “ട്രില്യൺ കണക്കിന് ഡോളർ ചെലവഴിക്കുകയും” വിപുലമായ സൈനിക സംവിധാനങ്ങളും ആയുധങ്ങളും വിന്യസിക്കുകയും ചെയ്തിട്ടും പ്രാദേശിക സുരക്ഷ ഉറപ്പാക്കുകയാണെന്നായിരുന്നു അവകാശവാദമെന്നും അദ്ദേഹം വ്യക്തമാക്കി. യഥാർഥത്തിൽ ഈ താവളങ്ങൾ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുകയും അസ്ഥിരതയുടെ ഉറവിടങ്ങളായി മാറുകയും ചെയ്തെന്നും മൊഹെബ്ബി ആരോപിച്ചു.

അതേസമയം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള നിർദേശത്തിൽ യുഎസ് ഉദ്യോഗസ്ഥരിൽനിന്ന് ചൊവ്വാഴ്ച ഔദ്യോഗിക മറുപടി പ്രതീക്ഷിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഘ്ചി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഇറാന്റെ സുരക്ഷ ഉറപ്പാക്കാത്തപക്ഷം പശ്ചിമേഷ്യയിലെ ഒരു അടിസ്ഥാന സൗകര്യവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാന്റെ ചീഫ് നെഗോഷ്യേറ്റർ മുഹമ്മദ് ബാഘർ ഗാലിബാഫ് മുന്നറിയിപ്പ് നൽകി.“നമുക്ക് എണ്ണ വിൽക്കാൻ കഴിയാത്ത ഒരു മേഖലയാണെങ്കിൽ മറ്റാർക്കും എണ്ണ വിൽക്കാനാകില്ല. അല്ലെങ്കിൽ നമ്മുടെ സുരക്ഷ ഉറപ്പാക്കുന്നില്ലെങ്കിൽ ഒരു അടിസ്ഥാന സൗകര്യവും സുരക്ഷിതമായി നിലനിൽക്കില്ല,” ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ ചൊവ്വാഴ്ച പുറത്തുവിട്ട വീഡിയോയിൽ ഗാലിബാഫ് പറഞ്ഞു.

Iran not after nuclear weapons’: Iranian Guard Corps spokesperson denies US claim; calls Trump ‘a big liar’

More Stories from this section

family-dental
witywide