ജെറുസലേം: ഇസ്രായേലിലെ ഡിമോണയും അറാദ് നഗരങ്ങളും ലക്ഷ്യമാക്കി ഇറാൻ ശനിയാഴ്ച നടത്തിയ മിസൈൽ ആക്രമണത്തിൽ 100-ത്തിലധികം പേർക്ക് പരിക്കേറ്റു. ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള ഡിമോണ നഗരം ആക്രമിച്ചതിന് പിന്നാലെ അറാദ് നഗരവും ലക്ഷ്യമാക്കി ഇറാൻ്റെ മിസൈലുകൾ പതിച്ചു. ഇറാൻ ഉദ്ദേശപൂർവ്വം സാധാരണ പൗരന്മാരെ ലക്ഷ്യമാക്കി ആക്രമണം നടത്തിയതാണെന്ന് ഇസ്രായേൽ അധികൃതർ ആരോപിച്ചു. ആക്രമണത്തിൽ കുട്ടികളടക്കം 100-ത്തിലധികം പേർക്ക് പരിക്കേറ്റതായി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
ഡിമോണയിലും അറാദിലും പ്രതിരോധ മിസൈലുകൾ വിക്ഷേപിച്ചെങ്കിലും അവ ലക്ഷ്യം തകർക്കാൻ പരാജയപ്പെട്ടുവെന്നും നൂറുകണക്കിന് കിലോഗ്രാം ഭാരമുള്ള വാർഹെഡുകളോടുകൂടിയ ബാലിസ്റ്റിക് മിസൈലുകൾ നേരിട്ട് പതിച്ചുവെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് AFP റിപ്പോർട്ട് ചെയ്തു. അറാദ് നഗരത്തിൽ ഉണ്ടായ നേരിട്ടുള്ള മിസൈൽ പ്രഹരത്തിൽ വലിയ നാശനഷ്ടം സംഭവിച്ചതായി ഇസ്രായേൽ ഫയർഫോഴ്സ് അറിയിച്ചു. അറാദിൽ മാത്രം കുറഞ്ഞത് 59 പേർക്ക് പരിക്കേറ്റതായി മെഡിക്കൽ സംഘം സ്ഥിരീകരിച്ചു.
ആദ്യം ആക്രമണം റിപ്പോർട്ട് ചെയ്തത് ഡിമോണ നഗരത്തിലാണ്. ഇറാന്റെ നതാൻസ് ആണവ കേന്ദ്രത്തെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിന് പ്രതികാരമായാണ് ഈ നീക്കമെന്ന് ഇറാൻ വ്യക്തമാക്കി.ഡിമോണയ്ക്ക് സമീപമുള്ള ആണവ കേന്ദ്രം മിഡിൽ ഈസ്റ്റിലെ ഏക ആണവ ആയുധ ശേഖരം ഉള്ളതായി വ്യാപകമായി കരുതപ്പെടുന്നുണ്ടെങ്കിലും, ഇസ്രായേൽ ഇതുവരെ അത് ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല. ഡിമോണയിലെ ഒരു കെട്ടിടത്തിൽ മിസൈൽ നേരിട്ട് പതിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. രക്ഷാപ്രവർത്തന സംഘടനയായ മാഗൻ ഡേവിഡ് അഡോം നിരവധി സ്ഥലങ്ങളിൽ നിന്ന് 33 പേർക്ക് ചികിത്സ നൽകിയതായി അറിയിച്ചു. കൂട്ടത്തിൽ 10 വയസുള്ള ഒരു കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
“സംഭവസ്ഥലത്ത് വ്യാപക നാശനഷ്ടവും ആശങ്കാജനകമായ സാഹചര്യവുമാണ് ഉണ്ടായത്,” എന്ന് പാരാമെഡിക് കാർമെൽ കോഹൻ പറഞ്ഞു. മിസൈലുകൾ കണ്ടെത്തിയതിനു പിന്നാലെ അവ തടയാനുള്ള ശ്രമങ്ങൾ നടത്തിയതായി സൈന്യം അറിയിച്ചു. ഇസ്രായേൽ മാധ്യമങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങളിൽ അതിവേഗത്തിൽ ആകാശത്ത് നിന്ന് പതിക്കുന്ന മിസൈൽ നഗരത്തിലേക്ക് പതിക്കുന്നതായി കാണാം.
‘ഡിമോണ ആക്രമണത്തിന് മണിക്കൂറുകൾക്കകം, അതിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള അറാദ് നഗരത്തിൽ റിപ്പോർട്ട് ചെയ്ത ആക്രമണത്തിൽ 59 പേർക്ക് പരിക്കേറ്റതായി മെഡിക്കൽ സംഘം അറിയിച്ചു. ഇവരിൽ 6 പേർ ഗുരുതരാവസ്ഥയിലും, 13 പേർ ഗുരുതരമല്ലാത്ത പരിക്കുകളും, 40 പേർക്ക് ചെറിയ പരിക്കുകളോടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, ഇൻ്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി ഡിമോണയിൽ മിസൈൽ പതിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെങ്കിലും ആണവ ഗവേഷണ കേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് അറിയിച്ചു.
Iran on Saturday launched strikes on the Israeli town of Dimona and Arad, causing extensive damage and injuring several people.









