
പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതിനിടെ, ഏതു നിമിഷവും ഒരു കരയുദ്ധം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ഇറാൻ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ പ്രസ്താവനകൾക്ക് പിന്നാലെ, ഇറാൻ സൈനിക മേധാവി അമിർ ഹാത്മി സേനാംഗങ്ങൾക്ക് അതിജാഗ്രതാ നിർദ്ദേശം നൽകി. ശത്രുക്കളുടെ ഓരോ നീക്കവും നിരീക്ഷിക്കണമെന്നും ഇറാൻ മണ്ണിലെത്തുന്ന ഒരൊറ്റ അമേരിക്കൻ സൈനികനും ജീവനോടെ മടങ്ങില്ലെന്നും അദ്ദേഹം വെല്ലുവിളിച്ചു. ഇറാൻ സൈനിക കമാൻഡർ ഇൻ ചീഫ് ഉന്നതതല യോഗം വിളിച്ചുചേർത്ത് സേനയുടെ യുദ്ധസന്നദ്ധത വിലയിരുത്തിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാന്റെ സൈനിക-ആണവശേഷികൾ പൂർണ്ണമായി തകർത്ത് വിജയം നേടിയെന്ന് അവകാശപ്പെട്ട ട്രംപ്, പക്ഷേ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് വ്യക്തമായ പ്രഖ്യാപനങ്ങളൊന്നും നടത്തിയില്ല. ഹോർമൂസ് കടലിടുക്കിനെ ആശ്രയിക്കുന്ന രാജ്യങ്ങൾ അത് തുറക്കാൻ മുൻകൈ എടുക്കണമെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്. ഇറാന്റെ നാവിക, മിസൈൽ ശേഷികൾ തകർത്തുവെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ അമേരിക്കൻ നീക്കം പൂർത്തിയാകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ഭരണമാറ്റമല്ല ലക്ഷ്യമെന്ന് പറയുമ്പോഴും ഇറാന്റെ നിലവിലെ ഭരണകൂടം ഉടൻ തകരുമെന്ന സൂചനയും ട്രംപ് നൽകി.
അമേരിക്കൻ അവകാശവാദങ്ങൾക്കിടെ ഇസ്രയേലിന് നേരെ ഇറാൻ കനത്ത ആക്രമണം അഴിച്ചുവിട്ടു. മുൻ ദിവസങ്ങളേക്കാൾ വലിയ നാശനഷ്ടങ്ങളാണ് ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, അമേരിക്കൻ ജനതയ്ക്ക് തുറന്ന കത്തെഴുതിയ ഇറാൻ പ്രസിഡന്റ്, തങ്ങൾ ആർക്കും ഭീഷണിയല്ലെന്നും വർഷങ്ങളായി ഇല്ലാത്ത കാരണങ്ങൾ പറഞ്ഞാണ് അമേരിക്ക തങ്ങളെ ആക്രമിക്കുന്നതെന്നും വ്യക്തമാക്കി. വ്യോമ-മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ ഇരുപക്ഷവും നേരിട്ടുള്ള സൈനിക നീക്കത്തിന് കോപ്പുകൂട്ടുന്നത് പശ്ചിമേഷ്യയെ കൂടുതൽ പ്രക്ഷുബ്ധമാക്കുകയാണ്.
Iran prepares for ground war as Trump claims victory; Middle East tensions soar following Israeli strikes










