ടെഹ്‌റാൻ: തകരുന്ന സാമ്പത്തികാവസ്ഥയ്ക്കും വിലക്കയറ്റത്തിനുമെതിരെ ഇറാനിൽ ജനകീയ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ പ്രവിശ്യകളിൽ നടന്ന പ്രകടനങ്ങൾ അക്രമാസക്തമായതിനെത്തുടർന്ന് മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ (2026 ജനുവരി 1) തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ചഹാർമഹാൽ ആൻഡ് ബക്തിയാരിയിലെ ലോർഡെഗൻ കൗണ്ടിയിൽ പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവർ പ്രതിഷേധക്കാരാണോ അതോ സുരക്ഷാ ഉദ്യോഗസ്ഥരാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ബുധനാഴ്ച രാത്രി ലോറെസ്താൻ പ്രവിശ്യയിലെ കുഹ്ദാഷ്ത് നഗരത്തിലുണ്ടായ സംഘർഷത്തിൽ സർക്കാർ അനുകൂല പാരാമിലിറ്ററി വിഭാഗമായ ‘ബസിജ്’ സേനയിലെ ഒരംഗം കൊല്ലപ്പെട്ടു. ഇവിടെ 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ആഴ്ച പ്രതിഷേധം തുടങ്ങിയ ശേഷമുള്ള ആദ്യത്തെ മരണമായിരുന്നു ഇത്. പ്രതിഷേധക്കാർ ഗവർണറുടെ ഓഫീസിന് നേരെയും ബാങ്കുകൾക്കും സർക്കാർ കെട്ടിടങ്ങൾക്കും നേരെ കല്ലെറിഞ്ഞതായി അർദ്ധ സർക്കാർ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. ചില പ്രതിഷേധക്കാർ ആയുധധാരികളായിരുന്നുവെന്നും പോലീസിന് നേരെ വെടിയുതിർത്തുവെന്നും സർക്കാർ ആരോപിക്കുന്നുണ്ടെങ്കിലും ഇതിന് തെളിവുകൾ ലഭ്യമല്ല.
ഇറാനിലെ കടുത്ത പണപ്പെരുപ്പവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ജനജീവിതം ദുസ്സഹമാക്കിയതിനെത്തുടർന്നാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ പോലീസിന് നേരെ പ്രതിഷേധക്കാർ കല്ലെറിയുന്നതും ചിലയിടങ്ങളിൽ തീയിടുന്നതും കാണാം. ഒരു പോലീസ് ഉദ്യോഗസ്ഥനെ പ്രതിഷേധക്കാർ തീകൊളുത്തിയതായും റിപ്പോർട്ടുകളുണ്ട്.















