യുദ്ധവിരാമത്തിന് ഇറാൻ തയ്യാറെന്ന് വിദേശകാര്യ മന്ത്രി; ‘ഗൾഫ് രാജ്യങ്ങളിലെ ആക്രമണങ്ങളിൽ പങ്കില്ല, ഏത് അന്വേഷണത്തിനും റെഡി’

പശ്ചിമേഷ്യയിലെ സംഘർഷം മൂന്നാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ, യുദ്ധത്തിന് പൂർണ്ണ വിരാമം കുറിക്കാനുള്ള ഏത് നീക്കത്തെയും സ്വാഗതം ചെയ്യുന്നതായി ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇസ്രായേലുമായുള്ള നിലവിലെ പോരാട്ടത്തിൽ അയൽരാജ്യങ്ങളിലെ സാധാരണക്കാരെയോ ജനവാസ കേന്ദ്രങ്ങളെയോ ഇറാൻ ലക്ഷ്യമിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ നടക്കുന്ന ദുരൂഹമായ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേൽ ആയിരിക്കാമെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കാൻ അയൽരാജ്യങ്ങളുമായി ചേർന്ന് സംയുക്ത അന്വേഷണ പാനൽ രൂപീകരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ അറിയിച്ചു.

അമേരിക്കയ്‌ക്കെതിരായ പ്രതികരണം ശക്തമാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. യുഎഇയിൽ നിന്ന് അമേരിക്ക ആക്രമണം നടത്തിയതായും ഷാഹെദ്-136 ഡ്രോണിന്റെ പരിഷ്കരിച്ച പതിപ്പായ ‘ലൂക്കാസ്’ ഉപയോഗിച്ച് അനാവശ്യ പ്രകോപനങ്ങൾ സൃഷ്ടിക്കുകയാണെന്നും ഇറാൻ ആരോപിക്കുന്നു. ഗൾഫ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇത്തരം ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തി ഇറാനെ കുടുക്കാനാണ് നീക്കമെന്നും അരാഗ്ചി കുറ്റപ്പെടുത്തി.

തുർക്കി, കുവൈത്ത്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ നടന്ന സംശയാസ്പദമായ ആക്രമണങ്ങളെ ചൂണ്ടിക്കാട്ടിയ ഇറാൻ വിദേശകാര്യമന്ത്രി, അസർബൈജാനുമായുള്ള ബന്ധം തകർക്കാൻ ഇസ്രായേൽ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്നും ആരോപിച്ചു. റിയാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് സൗദി അറേബ്യയിലെ ഇറാൻ അംബാസഡർ അലിറെസ ഇനായത്തിയും വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിക്കുമ്പോഴും അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങളെ ഇറാൻ അതീവ ജാഗ്രതയോടെയാണ് കാണുന്നത്.

Iran Ready to End Conflict; Accuses Israel of Attacks on Neighbouring Nations to Frame Tehran

More Stories from this section

family-dental
witywide