
ന്യൂഡൽഹി: പാകിസ്താനും അഫ്ഗാനിസ്താനും ഇടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ “ചർച്ചകൾക്ക് സൗകര്യമൊരുക്കാൻ” ഇറാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. “നല്ല അയൽപക്ക ബന്ധത്തിലൂടെയും ചർച്ചകളിലൂടെയും” ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിൽ മുൻപും മധ്യസ്ഥത വഹിക്കാൻ ഇറാൻ സന്നദ്ധത അറിയിച്ചിരുന്നു.
നിലവിൽ, പാകിസ്താനും അഫ്ഗാനിസ്താനും തമ്മിൽ അതീവ ഗുരുതരമായ സൈനിക സംഘർഷം ആരംഭിച്ചിട്ടുണ്ട്. ഇന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടത്തിനെതിരെ “തുറന്ന യുദ്ധം” പ്രഖ്യാപിച്ചു. തങ്ങളുടെ ക്ഷമ നശിച്ചെന്നും ഇനി അഫ്ഗാനിസ്താനുമായി നേരിട്ടുള്ള യുദ്ധമാണെന്നും പാകിസ്താൻ വ്യക്തമാക്കിയിട്ടുണ്ട്. കാബൂളിൽ ജെറ്റ് വിമാനങ്ങളുടേയും ഉഗ്രസ്ഫോടനങ്ങളുടേയും വെടിവെയ്പ്പുകളുടേയും ശബ്‌ദം കേട്ടതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്‌തു. കാണ്ഡഹാറിൽ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ താമസിക്കുന്നിടത്ത് യുദ്ധവിമാനങ്ങൾ വട്ടമിട്ട് പറന്നതായുള്ള റിപ്പോർട്ടുണ്ട്.
പാകിസ്താൻ്റെ അതിർത്തി പോസ്റ്റുകൾ ലക്ഷ്യമിട്ട് താലിബാൻ തിരിച്ചടി ആരംഭിച്ചു. തങ്ങൾ 55 പാക് സൈനികരെ വധിച്ചെന്നും രണ്ട് സൈനിക താവളങ്ങളും 19 പോസ്റ്റുകളും പിടിച്ചെടുത്തെന്നും താലിബാൻ അവകാശപ്പെട്ടു. ‘ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്’ എന്ന പേരിൽ നടത്തിയ നീക്കത്തിലൂടെ 133 താലിബാൻ പോരാളികളെ വധിച്ചതായി പാകിസ്താൻ അറിയിച്ചു.
അഫ്ഗാൻ മണ്ണ് ഉപയോഗിച്ച് പാകിസ്താനെതിരെ ഭീകരാക്രമണങ്ങൾ നടക്കുന്നു എന്നാരോപിച്ചാണ് പാകിസ്താൻ ഈ സൈനിക നടപടി ആരംഭിച്ചത്.
Iran says ready to mediate to resolve Pak-Afghan issues as fighting continues















