ഹോർമുസിലെ ട്രംപിന്‍റെ വെല്ലുവിളിക്ക് ബാബ് അൽ മന്ദബിൽ ചെക്ക് വെച്ച് ഇറാൻ; ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി

ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾ പ്രവേശിക്കുന്നത് തടയുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ രംഗത്തെത്തി. ഹോർമുസിൽ നിയന്ത്രണമേർപ്പെടുത്തിയാൽ ചെങ്കടലിലെ ബാബ് അൽ മന്ദബ് ലക്ഷ്യമിട്ട് തിരിച്ചടി നൽകുമെന്നാണ് ഇറാൻ മാധ്യമങ്ങൾ നൽകുന്ന സൂചന. കപ്പലുകളിൽ നിന്ന് ഇറാൻ പണം പിരിക്കുന്നത് തടയാൻ കപ്പലുകളെ ഹോർമുസിൽ പ്രവേശിക്കുന്നതിൽ നിന്ന് തന്നെ തടയുമെന്നാണ് ട്രംപിന്റെ നിലപാട്. ഇറാന്റെ പുതിയ ഭീഷണി ചെങ്കടലിലെ സുരക്ഷാ ക്രമീകരണങ്ങളെ വീണ്ടും വെല്ലുവിളിക്കുന്നതും പശ്ചിമേഷ്യയിൽ പുതിയ യുദ്ധമുഖം തുറക്കാൻ സാധ്യതയുള്ളതുമാണ്.

ഇറാനും അമേരിക്കയും തമ്മിലുള്ള വാക്പോര് മുറുകുന്നതിനിടെ സമാധാനം പുനഃസ്ഥാപിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കി. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി പുടിൻ ഫോണിൽ സംസാരിക്കുകയും സംഘർഷം ലഘൂകരിക്കാനുള്ള ചർച്ചകൾക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇറാന്റെ യുറേനിയം തങ്ങൾ സൂക്ഷിക്കാമെന്നത് ഉൾപ്പെടെയുള്ള ഫോർമുലകൾ റഷ്യ മുന്നോട്ടുവെച്ചിട്ടുണ്ട്. പാകിസ്ഥാനിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ റഷ്യയുടെ ഈ ഇടപെടൽ ലോകം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

അതിനിടെ, മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാൻ അമേരിക്കയും ഇറാനും വേദനാജനകമായ വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദി ആവശ്യപ്പെട്ടു. ഇസ്ലാമാബാദിലെ ചർച്ചകൾ ഫലം കണ്ടില്ലെങ്കിലും സമാധാന ശ്രമങ്ങൾ തുടരുമെന്ന് പാകിസ്ഥാനും വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ജലപാതകളിലെ തർക്കം ആഗോള ചരക്ക് നീക്കത്തെ ബാധിക്കുമെന്നതിനാൽ വലിയ ആശങ്കയിലാണ് രാജ്യാന്തര സമൂഹം. റഷ്യയുടെ മധ്യസ്ഥ ശ്രമങ്ങളോട് അമേരിക്ക എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മേഖലയുടെ ഭാവി.

Iran threatens to block Bab al-Mandab in response to Trump’s Hormuz threat; Russia offers mediation

More Stories from this section

family-dental
witywide