
ടെഹ്റാൻ: ഇറാൻ്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്തബ ഖമേനിക്ക് ഐക്യദാർഢ്യവും വിധേയത്വവും പ്രഖ്യാപിക്കാൻ തിങ്കളാഴ്ച രാജ്യവ്യാപകമായി ഒത്തുചേരാൻ പൊതുജനങ്ങളോട് ഇറാൻ ആവശ്യപ്പെട്ടു.
പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഒരേസമയം ഒത്തുചേരാനും തങ്ങളുടെ ‘ബൈഅത്ത്’ (വിധേയത്വ പ്രതിജ്ഞ) പ്രഖ്യാപിക്കാനുമാണ് ഇസ്ലാമിക് പ്രൊപ്പഗേഷൻ കോർഡിനേഷൻ കൗൺസിൽ ആഹ്വാനം ചെയ്തിരിക്കുന്നത്. ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന ആണ് ഈ വിവരം പുറത്തുവിട്ടത്.
തലസ്ഥാനമായ ടെഹ്റാനിലെ പ്രധാന ചടങ്ങുകൾ നഗരമധ്യത്തിലുള്ള ഇൻഖിലാബ് സ്ക്വയറിലാണ് നടക്കുക. രാജ്യത്തിൻ്റെ പുതിയ നേതൃത്വത്തിന് കീഴിൽ ജനങ്ങളുടെ പിന്തുണ ഉറപ്പാക്കുകയാണ് ഈ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.
ഫെബ്രുവരി 28-ന് ഇസ്രായേൽ-യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ രണ്ടാമത്തെ മകനാണ് 56 വയസ്സുകാരനായ മൊജ്തബ. 88 അംഗങ്ങളുള്ള ഇറാനിലെ അസംബ്ലി ഓഫ് എക്സ്പെർട്സ് ആണ് 2026 മാർച്ച് 8-ന് ഇദ്ദേഹത്തെ പുതിയ നേതാവായി തിരഞ്ഞെടുത്തത്. 1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം ഇറാൻ്റെ പരമോന്നത പദവിയിലേക്കെത്തുന്ന മൂന്നാമത്തെ വ്യക്തിയാണ് മൊജ്തബ. അധികാരം പിതാവിൽ നിന്ന് മകനിലേക്ക് കൈമാറുന്നത് ഇറാൻ്റെ ചരിത്രത്തിൽ ആദ്യമായാണ്.
ഇറാൻ്റെ കരുത്തുറ്റ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) മൊജ്തബയ്ക്ക് പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ചുമതലയേറ്റ ശേഷം ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്താൻ അദ്ദേഹം ഉത്തരവിട്ടതായി റിപ്പോർട്ടുകളുണ്ട്. പാരമ്പര്യമായി അധികാരം കൈമാറുന്നതിനെതിരെ ടെഹ്റാനിലെ എക്ബതാൻ പോലുള്ള സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Iran to declare solidarity with new supreme leader; calls on people to unite nationwide













