ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്താൻ ഇറാൻ; യുഎസ്, ഇസ്രായേൽ കപ്പലുകൾക്ക് വിലക്ക്, ഇറാൻ പാർലമെൻ്ററി സമിതിയുടെ അംഗീകാരം

ടെഹ്‌റാൻ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽപ്പാതകളിൽ ഒന്നായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ടോൾ (നികുതി) ഏർപ്പെടുത്താനുള്ള പദ്ധതിക്ക് ഇറാൻ പാർലമെന്ററി സമിതി അംഗീകാരം നൽകി. ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പുതിയ നിയമപ്രകാരം അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് ഈ പാതയിലൂടെയുള്ള യാത്ര പൂർണ്ണമായും നിരോധിക്കും. കൂടാതെ, ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയ മറ്റ് രാജ്യങ്ങളുടെ കപ്പലുകളെയും കടലിടുക്കിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയാൻ പദ്ധതിയുണ്ട്.

അയൽരാജ്യമായ ഒമാനുമായി സഹകരിച്ചായിരിക്കും പുതിയ ടോൾ സംവിധാനം നടപ്പിലാക്കുകയെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ അറിയിച്ചു. ലോകത്തിലെ ക്രൂഡ് ഓയിലിന്റെ 20 ശതമാനത്തോളം ഹോർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. എന്നാൽ, മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് നിലവിൽ ഈ പാതയിലൂടെയുള്ള ഗതാഗതം 95 ശതമാനത്തോളം കുറഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പേർഷ്യൻ ഗൾഫിനെ ഒമാൻ ഉൾക്കടലുമായും അറബിക്കടലുമായും ബന്ധിപ്പിക്കുന്ന അതീവ തന്ത്രപ്രധാനമായ സമുദ്രപാതയാണ് ഹോർമുസ് കടലിടുക്ക്. ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ക്രൂഡ് ഓയിലിൻ്റെ ഏകദേശം 20 ശതമാനവും ദ്രവീകൃത പ്രകൃതിവാതകത്തിൻ്റെ (LNG) വലിയൊരു ഭാഗവും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇന്ധന കയറ്റുമതി പ്രധാനമായും ഈ ഇടുങ്ങിയ പാതയെ ആശ്രയിച്ചായതിനാൽ ആഗോള ഊർജ്ജ സുരക്ഷയിൽ ഇതിന് നിർണ്ണായക സ്ഥാനമാണുള്ളത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. രാജ്യത്തിൻ്റെ എണ്ണ ഇറക്കുമതിയുടെ പകുതിയിലധികവും പ്രകൃതിവാതകത്തിന്റെ 60 ശതമാനത്തോളവും ഈ വഴിയിലൂടെയാണ് എത്തുന്നത്. എന്നാൽ ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിലേക്കുള്ള കപ്പലുകൾക്ക് ഇറാൻ ഇതുവഴി കടന്നുപോകാൻ നേരത്തെ അനുമതി നൽകിയിട്ടുണ്ട്. പുതിയ നീക്കങ്ങൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരാനും ആഗോള സാമ്പത്തിക പ്രതിസന്ധിക്കും കാരണമായേക്കാം.

Iran to impose toll in Strait of Hormuz; bans US, Israeli ships

More Stories from this section

family-dental
witywide