ഇറാൻ-യുഎസ് സംഘർഷം: പാകിസ്താനിലെ കോൺസുലേറ്റ് ജീവനക്കാരോട് അടിയന്തരമായി രാജ്യം വിടാൻ അമേരിക്കയുടെ നിർദ്ദേശം

വാഷിംഗ്ടൺ: ഇറാൻ-അമേരിക്ക സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ പാകിസ്താനിലെ രണ്ട് കോൺസുലേറ്റുകളിൽ നിന്ന് അത്യാവശ്യ ജീവനക്കാരല്ലാത്തവരോട് രാജ്യം വിടാൻ അമേരിക്ക ഉത്തരവിട്ടു. ലാഹോർ, കറാച്ചി എന്നിവിടങ്ങളിലെ കോൺസുലേറ്റുകളിലെ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് ഈ നടപടിയെന്ന് പാകിസ്താനിലെ യുഎസ് എംബസി പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം, ഇസ്ലാമാബാദിലെ യുഎസ് എംബസിയുടെ പ്രവർത്തനത്തിൽ നിലവിൽ മാറ്റങ്ങളൊന്നുമില്ല. പാകിസ്താനെ കൂടാതെ സൗദി അറേബ്യ, സൈപ്രസ്, ഒമാൻ എന്നിവിടങ്ങളിലെ മിഷനുകളിലുള്ള ജീവനക്കാർക്കും സമാനമായ രീതിയിൽ രാജ്യം വിടാൻ അനുമതി നൽകിയിട്ടുണ്ട്. ഇറാനിലെ ഇസ്രായേൽ-അമേരിക്കൻ ആക്രമണങ്ങളെത്തുടർന്ന് മേഖലയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷാവസ്ഥയാണ് ഈ മുൻകരുതൽ നടപടികൾക്ക് കാരണം.

ഞായറാഴ്ച, പാകിസ്താനിലെ കറാച്ചിയിലുള്ള യുഎസ് കോൺസുലേറ്റിന് നേരെ ശക്തമായ ആക്രമണമുണ്ടായിരുന്നു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് നടന്ന പ്രതിഷേധങ്ങൾക്കിടെയാണ് ഈ സംഭവമുണ്ടായത്. റുകണക്കിന് പ്രതിഷേധക്കാർ കറാച്ചിയിലെ കോൺസുലേറ്റിൻ്റെ മതിൽ തകർത്ത് അകത്തുകയറുകയും ജനലുകൾ അടിച്ചുതകർക്കുകയും ചെയ്തു. കോൺസുലേറ്റ് കവാടത്തിന് സമീപം പ്രതിഷേധക്കാർ തീയിടുകയും ചെയ്തു.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പിലും ലാത്തിച്ചാർജിലും ഇരുപതിലേറെ പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കോൺസുലേറ്റിലെ യുഎസ് മറീനുകൾ സ്വയംരക്ഷയ്ക്കായി വെടിവെച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്.

Iran-US conflict: US asks consulate staff in Pakistan to leave the country immediately