ന്യൂഡൽഹി: ഇറാൻ- അമേരിക്ക – ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഹോർമൂസ് കടലിടുക്ക് അടച്ചതോടെ പേർഷ്യൻ ഗൾഫിൽ ഇന്ത്യൻ പതാകയേന്തിയ 38 കപ്പലുകൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. 1100 ഓളം നാവികരാണ് കപ്പലിൽ ഉള്ളത്. എൽഎൻജിയും അസംസ്കൃത വസ്തുക്കളുമാണ് കപ്പലിൽ ഉള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
വിവിധ സംഘർഷ ബാധിത പ്രദേശങ്ങളിലായി ആകെ 23,000 ഇന്ത്യൻ നാവികർ പല കപ്പലുകളിലായി ഉണ്ടെന്നും ഇവരുടെ സുരക്ഷയാണ് സർക്കാരിന്റെ മുൻഗണനയെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഫിലിപ്പീൻസും ചൈനയും കഴിഞ്ഞാൽ കടൽമാർഗമുള്ള വിതരണക്കാരിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഇന്ത്യൻ തുറമുഖങ്ങളിൽ ആയിരത്തോളം കണ്ടെയിനറുകളാണ് കെട്ടിക്കിടക്കുന്നതെന്ന് തുറമുഖ മന്ത്രി സർബാനന്ദ സോനോവാളും അറിയിച്ചു. എന്നാൽ, ഇന്ത്യൻ പതാകയുള്ള കപ്പലുകളിൽ അപകടമുണ്ടായതായോ മറ്റു പ്രശ്‌നങ്ങൾ ഉണ്ടായതായോ ഇതുവരെ സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് പ്രസ്താവനയിൽ അറിയിച്ചു. ഹോർമൂസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്തായി 24 കപ്പലുകളും കടലിടുക്കിന് കിഴക്ക് ഭാഗത്തായി 14 കപ്പലുകളും കുടുങ്ങിക്കിടക്കുന്നതായാണ് ഉദ്യോഗസ്ഥർ മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്.
സംഘർഷത്തിൽ ഇതുവരെ ഇന്ത്യൻ നാവികർ ഉൾപ്പെട്ട നാല് സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതിൽ മൂന്നു പേർക്ക് ജീവൻ നഷ്ടമായി. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണങ്ങളെല്ലാം വിദേശ പതാകയുള്ള കപ്പലുകളിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സംഘർഷം ആരംഭിച്ചതിന് ശേഷം കടലിടുക്കിന് ചുറ്റും 150 കപ്പലുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Iran-US-Israel conflict: 38 Indian ships stranded in Persian Gulf; Government says safety of 23,000 Indian sailors is paramount












