
ഇസ്‌ലാമാബാദ്: ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് വേദിയാകാൻ തങ്ങൾ സന്നദ്ധരാണെന്ന് പാകിസ്ഥാൻ. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ചർച്ചകൾ ആരംഭിച്ചുവെന്ന വാർത്തകൾ ഇറാൻ നിഷേധിച്ചതിന് പിന്നാലെയാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഈ നിലപാട് വ്യക്തമാക്കിയത്.
ഇരുപക്ഷവും സമ്മതിക്കുകയാണെങ്കിൽ ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാൻ എപ്പോഴും തയ്യാറാണെന്ന് വിദേശകാര്യ വക്താവ് താഹിർ ഹുസൈൻ അന്ദ്രാബി പറഞ്ഞു. അമേരിക്കയുടെയും ഇസ്രായേലിൻ്റെയും ഇറാൻ വിരുദ്ധ നീക്കങ്ങൾ നാലാം വാരത്തിലേക്ക് കടക്കുമ്പോൾ, ചർച്ചകളെ സംബന്ധിച്ച് ഇരു രാജ്യങ്ങളും പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് നടത്തുന്നത്.
അമേരിക്കയുമായി യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ, കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന ചർച്ചകളിൽ 15 ഇന കരാറിൽ എത്തിയെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. നിലവിൽ മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് ഇരുരാജ്യങ്ങളും ആശയവിനിമയം നടത്തുന്നത്. പാകിസ്ഥാൻ കൂടി സന്നദ്ധത അറിയിച്ചതോടെ സമാധാന നീക്കങ്ങൾക്ക് പുതിയ വഴിതെളിയുമെന്നാണ് പ്രതീക്ഷ.
Iran-US peace talks: Pakistan ready to mediate















