ഇറാൻ-യുഎസ് സംഘർഷം: എത്രയും വേഗം ഇറാൻ വിടാൻ ഇന്ത്യ പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യുഎസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരോടും എത്രയും വേഗം രാജ്യം വിടാൻ വിദേശകാര്യ മന്ത്രാലയം (MEA) നിർദ്ദേശിച്ചു. ഇന്ന്, പുറത്തിറക്കിയ പുതിയ യാത്രാ ഉപദേശത്തിലാണ് ഈ നിർദ്ദേശമുള്ളത്.

ഇറാനിലുള്ള വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസ്സുകാർ, വിനോദസഞ്ചാരികൾ എന്നിവർ ലഭ്യമായ വിമാന സർവീസുകളോ മറ്റ് ഗതാഗത മാർഗങ്ങളോ ഉപയോഗിച്ച് ഉടൻ മടങ്ങണം. പ്രതിഷേധങ്ങളും പ്രകടനങ്ങളും നടക്കുന്ന ഇടങ്ങളിൽ നിന്ന് മാറിനിൽക്കാനും പ്രാദേശിക മാധ്യമങ്ങൾ വഴിയുള്ള വാർത്തകൾ ശ്രദ്ധിക്കാനും നിർദ്ദേശമുണ്ട്.

ഇറാനിലുള്ള ഇന്ത്യക്കാർ ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയിലോ കോൺസുലേറ്റിലോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പാസ്‌പോർട്ടും മറ്റ് യാത്രാ രേഖകളും അടിയന്തര സാഹചര്യങ്ങൾക്കായി തയ്യാറാക്കി വെക്കുക. സഹായം ആവശ്യമുള്ളവർക്കായി എംബസി ഹെൽപ്പ്‌ലൈൻ നമ്പരുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്താനും നിർദേശമുണ്ട്. എന്തെങ്കിലും അടിയന്തര സഹായം ആവശ്യമുള്ളവർക്ക് താഴെ പറയുന്ന നമ്പറുകളിലോ ഇമെയിൽ വിലാസത്തിലോ എംബസിയെ ബന്ധപ്പെടാം.

അടിയന്തര നമ്പറുകൾ:

  • +989128109115
  • +989128109109
  • +989128109102
  • +989932179359

ഇമെയിൽ: cons.tehran@mea.gov.in

ഇറാൻ്റെ ആണവ പദ്ധതിയോടുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നിലപാടുകളും മേഖലയിലെ വർദ്ധിച്ചുവരുന്ന സൈനിക സാന്നിധ്യവുമാണ് സംഘർഷം വർദ്ധിപ്പിച്ചത്. ഇന്ത്യക്ക് പുറമെ പോളണ്ട്, സെർബിയ, സ്വീഡൻ എന്നീ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ഇറാൻ വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പ്രശ്നപരിഹാരത്തിനായി ഫെബ്രുവരി 26-ന് ജനീവയിൽ വച്ച് പുതിയ ചർച്ചകൾ നടക്കാനിരിക്കുകയാണ്.

Iran-US tension: Ministry of External Affairs asks Indian citizens to leave Iran as soon as possible

More Stories from this section

family-dental
witywide