ഖമനേയിയുടെ രക്തം വെറുതെയാകില്ല, അന്ത്യമില്ലാത്ത പകയുമായി ഇറാൻ; പ്രസിഡന്‍റിന്‍റെ ആദ്യ പ്രഖ്യാപനം, ‘പ്രതികാരം അവകാശം, ഇസ്രയേലും അമേരിക്കയും ഖേദിക്കും’

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിന് അതിശക്തമായ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഇറാൻ രംഗത്തെത്തി. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടത് ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആഘാതമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് തത്തുല്യമായ തിരിച്ചടി നൽകുമെന്നും ശത്രുരാജ്യങ്ങൾ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഇറാന്റെ ഭരണ നേതൃത്വം മുന്നറിയിപ്പ് നൽകി. ഖമനേയിയുടെ കൊലപാതകത്തിന് പകരംവീട്ടുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പ്രഖ്യാപിച്ചു. പ്രതികാരം തങ്ങളുടെ അവകാശവും ഉത്തരവാദിത്വവുമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഇറാൻ എല്ലാ ശക്തിയോടെയും പ്രതികരിക്കുമെന്നും ആക്രമണത്തിന് പിന്നിലുള്ള കുറ്റവാളികൾ ഖേദിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെ കടുത്ത പ്രത്യാക്രമണത്തിന് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. വിശിഷ്ടനേതാവിന്റെ വിശുദ്ധമായ രക്തം വെറുതെയാകില്ലെന്നും അത് ഇസ്ലാമിക ലോകത്തിന്റെയും ഷിയാ ചരിത്രത്തിന്റേയും പുതിയൊരധ്യായം രചിക്കുമെന്നും പെസഷ്കിയാൻ പ്രഖ്യാപിച്ചു.

ഖമനേയിയുടെ വധത്തെത്തുടർന്ന് രാജ്യത്തുടനീളം കനത്ത പ്രതിഷേധമാണ് ഇരമ്പുന്നത്. തെരുവിലിറങ്ങിയ ജനങ്ങൾ അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. ഇറാന്റെ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) തങ്ങളുടെ മിസൈൽ യൂണിറ്റുകൾ സജ്ജമാക്കിയതായാണ് വിവരം. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളും ഇസ്രയേലിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള വലിയൊരു സൈനിക നീക്കത്തിന് ഇറാൻ പദ്ധതിയിടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഖമനേയിയുടെ വധം വെറുമൊരു കൊലപാതകമല്ലെന്നും അത് ഇറാന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഇറാന്റെ താൽക്കാലിക നേതാവ് ആയത്തൊള്ള അറാഫി വ്യക്തമാക്കി. വരും ദിവസങ്ങളിൽ മേഖലയിൽ യുദ്ധം കൂടുതൽ രൂക്ഷമാകുമെന്ന സൂചനയാണ് ഇറാൻ നൽകുന്നത്. ഇറാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിദേശ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതികാരം പൂർത്തിയാക്കാതെ തങ്ങൾ അടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ ഭരണകൂടം.

Iran Vows Fierce Revenge for Khamenei’s Assassination; Military on High Alert iran president warns us israel

More Stories from this section

family-dental
witywide