
മസ്കറ്റ്: ഇറാനുമായുള്ള യുദ്ധം ട്രംപ് ഭരണകൂടത്തിൻ്റെ ഏറ്റവും വലിയ ‘തെറ്റായ കണക്കുകൂട്ടൽ’ ആണെന്ന് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദി. പ്രമുഖ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ‘ദി ഇക്കണോമിസ്റ്റിൽ’ എഴുതിയ ലേഖനത്തിലാണ് അമേരിക്കൻ നടപടിക്കെതിരെ ഒമാൻ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
യുദ്ധം തുടങ്ങുന്നതിന് മുൻപ് വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച വ്യക്തിയാണ് അൽബുസൈദി. ഈ യുദ്ധം തികച്ചും “നിയമവിരുദ്ധമാണെന്ന്” വിശേഷിപ്പിച്ച അദ്ദേഹം, യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ സഖ്യകക്ഷികൾ അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിച്ചു.
അമേരിക്കയ്ക്ക് നിയന്ത്രണം നഷ്ടമായി പതിറ്റാണ്ടുകളായി ഗൾഫ് രാജ്യങ്ങൾ അമേരിക്കൻ ആയുധങ്ങൾ വാങ്ങുന്നതും യുഎസ് സൈനിക താവളങ്ങൾക്ക് അനുമതി നൽകുന്നതും ഇറാനിൽ നിന്നുള്ള ഭീഷണി തടയാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ അമേരിക്കയ്ക്ക് ഇപ്പോൾ സ്വന്തം വിദേശനയത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണെന്നും മേഖലയിൽ ഇതുവരെ നിലനിന്നിരുന്ന സമാധാനവും സാമ്പത്തിക സുരക്ഷിതത്വവും അപകടത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അനാവശ്യമായ ഈ യുദ്ധക്കെണിയിൽ നിന്ന് അമേരിക്കയെ മോചിപ്പിക്കാൻ സുഹൃദ്‌രാജ്യങ്ങൾ സത്യം തുറന്നുപറയണമെന്ന് മന്ത്രി എഴുതി. ഈ യുദ്ധം കൊണ്ട് ഇറാനോ അമേരിക്കയ്ക്കോ യാതൊരു നേട്ടവുമില്ല. ഇരുരാജ്യങ്ങളുടെയും ദേശീയ താൽപര്യം യുദ്ധം എത്രയും വേഗം അവസാനിപ്പിക്കുന്നതിലാണ്. യുദ്ധം എളുപ്പത്തിൽ ജയിക്കാമെന്ന് ഇസ്രായേൽ അമേരിക്കയെ വിശ്വസിപ്പിച്ചതായി കരുതുന്നു. എന്നാൽ ഇസ്രായേലിന്റെ ലക്ഷ്യങ്ങൾ നടപ്പിലാക്കണമെങ്കിൽ അമേരിക്കയ്ക്ക് നേരിട്ട് സൈന്യത്തെ ഇറക്കേണ്ടി വരും. ട്രംപ് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ‘അനന്തമായ യുദ്ധങ്ങളിലേക്ക്’ അമേരിക്ക വീണ്ടും കൂപ്പുകുത്തുകയാണെന്നും ബദർ അൽബുസൈദി മുന്നറിയിപ്പ് നൽകി.
Iran war is a big mistake of the Trump administration; Omani Foreign Minister strongly criticizes










