
വാഷിംഗ്ടൺ: അമേരിക്ക ഇറാനെ ആക്രമിച്ചാൽ പശ്ചിമേഷ്യയിൽ ശക്തമായ ഒരു പ്രാദേശിക യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി. ടെഹ്‌റാനിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. അമേരിക്ക ആക്രമണം ആരംഭിച്ചാൽ അത് ഇറാന്റെ അതിർത്തികളിൽ മാത്രം ഒതുങ്ങില്ലെന്നും മേഖലയൊട്ടാകെ വ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള അമേരിക്കൻ യുദ്ധക്കപ്പലുകൾ അറബിക്കടലിൽ വിന്യസിക്കപ്പെട്ടതിന് പിന്നാലെയാണ് ഇറാൻ്റെ ഈ കടുത്ത പ്രതികരണം. ഇറാനിലെ ആഭ്യന്തര പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സൈനിക നീക്കത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിഷേധങ്ങൾ അട്ടിമറി ശ്രമമാണെന്നും അത് അടിച്ചമർത്തിയെന്നും ഖമേനി പറഞ്ഞു.
അതേസമയം, ഇറാൻ്റെ റെവല്യൂഷണറി ഗാർഡ്സിനെ (IRGC) ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയതിന് മറുപടിയായി, യൂറോപ്യൻ യൂണിയൻ സൈന്യങ്ങളെ ‘ഭീകര സംഘടനകളായി’ പ്രഖ്യാപിച്ച് ഇറാൻ പാർലമെൻ്റ് നിയമം പാസാക്കി. സംഘർഷം നിലനിൽക്കുമ്പോഴും, ഇറാനുമായി ചർച്ചകൾക്ക് താൻ തയ്യാറാണെന്ന് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്.
Iran warns of regional war if US attacks















