അമേരിക്കൻ ടെക് ഭീമന്മാർക്കും ഇറാന്റെ ആക്രമണ ഭീഷണി; ഗൂഗിളും ആപ്പിളും മൈക്രോസോഫ്റ്റുമടക്കം ലക്ഷ്യമെന്ന് റിപ്പോർട്ട്

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ, ഇന്റൽ, ബോയിങ് തുടങ്ങിയ പ്രമുഖ അമേരിക്കൻ കമ്പനികൾക്കെതിരെ പരസ്യമായ മുന്നറിയിപ്പുമായി ഇറാനിയൻ ഇസ്ലാമിക് റവലൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി.). യുഎസും ഇസ്രയേലും നടത്തുന്ന സൈനിക നീക്കങ്ങളിലും കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നതിലും ഈ ഐടി-നിർമിത ബുദ്ധി (AI) കമ്പനികൾക്ക് പ്രധാന പങ്കുണ്ടെന്നാണ് ഇറാന്റെ ആരോപണം. ഇറാനെതിരെയുള്ള ഓരോ ഭീകരവാദ പ്രവർത്തനത്തിനും പകരമായി ഈ കമ്പനികളെ തന്ത്രപരമായ ലക്ഷ്യങ്ങളായി പരിഗണിക്കുമെന്നും ഇവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുമെന്നും ഐആർജിസി പ്രസ്താവനയിൽ വ്യക്തമാക്കി.

യുദ്ധം മുറുകിയതോടെ ഗൾഫ് മേഖലയിലെ അമേരിക്കൻ കമ്പനികളുടെ വൻകിട നിക്ഷേപങ്ങൾ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ മാസം ആദ്യം യുഎഇയിലെ ആമസോൺ വെബ് സർവീസസിന്റെ ഡേറ്റാ സെന്ററുകൾക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി കമ്പനി സ്ഥിരീകരിച്ചിരുന്നു. മേഖലയിലെ അത്യാധുനിക ഐടി ഇൻഫ്രാസ്ട്രക്ചറുകളെയും ഡേറ്റാ സെന്ററുകളെയും ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ആഗോളതലത്തിൽ തന്നെ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. എഐ അധിഷ്ഠിത പദ്ധതികൾക്കായി കോടിക്കണക്കിന് രൂപ മുടക്കിയ കമ്പനികൾ നിലവിൽ സുരക്ഷാ ഭീഷണിയിലാണ്.

ടെക് കമ്പനികൾക്ക് പുറമെ ഹോർമൂസ് കടലിടുക്കിലെ ഇന്റർനെറ്റ് കേബിളുകളെയും ഇറാൻ ലക്ഷ്യമിട്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഹോർമൂസ് കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ സമുദ്രത്തിനടിയിലെ കേബിളുകൾക്ക് നാശനഷ്ടമുണ്ടാക്കിയാൽ അത് ആഗോള ഇന്റർനെറ്റ് വിനിമയത്തെ തന്നെ തകിടം മറിക്കും. അമേരിക്കൻ കമ്പനികൾക്ക് നേരെ ഇറാൻ പരസ്യമായി രംഗത്തുവന്നതോടെ പശ്ചിമേഷ്യൻ സംഘർഷം പുതിയൊരു തലത്തിലേക്ക് നീങ്ങുകയാണ്.

Iran warns US tech giants; Google, Apple, and Microsoft labeled as targets by IRGC

More Stories from this section

family-dental
witywide