യുറേനിയം സമ്പുഷ്ടീകരണം എന്തുവന്നാലും ഉപേക്ഷിക്കില്ല, അമേരിക്കയുമായി യുദ്ധമുണ്ടായാലും നിലപാടിൽ മാറ്റമില്ലെന്ന് ഇറാന്‍റെ പ്രഖ്യാപനം

യുറേനിയം സമ്പുഷ്ടമാക്കാനുള്ള അവകാശം ഇറാൻ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്കയുമായി ഒമാനിൽ വെച്ച് നടന്ന പരോക്ഷ ചർച്ചകൾക്ക് പിന്നാലെയാണ് ഇറാന്റെ ഉറച്ച നിലപാട് അദ്ദേഹം ആവർത്തിച്ചത്. തങ്ങളുടെ മേൽ ഒരു യുദ്ധം അടിച്ചേൽപ്പിച്ചാൽ പോലും ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം ടെഹ്‌റാനിൽ നടന്ന ഒരു ഫോറത്തിൽ സംസാരിക്കവെ പറഞ്ഞു.

മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യം തങ്ങളെ ഭയപ്പെടുത്തുന്നില്ലെന്നും അരാഗ്ചി കൂട്ടിച്ചേർത്തു. ഇറാനു മേൽ സമ്മർദ്ദം ചെലുത്താൻ ആർക്കും അവകാശമില്ലെന്നും തങ്ങളുടെ പെരുമാറ്റം ആരും നിർദ്ദേശിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ അറബിക്കടലിൽ എത്തിയ സാഹചര്യത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. സമാധാനപരമായ ആവശ്യങ്ങൾക്കാണ് തങ്ങൾ ആണവ പദ്ധതി ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ആവർത്തിച്ചു.

സാമ്പത്തിക ഉപരോധങ്ങൾ നീക്കുന്നതിനായി അമേരിക്കയുമായി ചർച്ചകൾ തുടരാൻ ഇറാൻ തയ്യാറാണെങ്കിലും തങ്ങളുടെ പരമാധികാരത്തെ ബാധിക്കുന്ന വിട്ടുവീഴ്ചകൾക്കില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ഉപരോധങ്ങൾ ഒഴിവാക്കുന്നതിന് പകരമായി ആണവ പദ്ധതിയിൽ ചില വിശ്വസനീയമായ നടപടികൾ സ്വീകരിക്കാൻ ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, വൻശക്തികളോട് ‘അല്ല’ എന്ന് പറയാനുള്ള കരുത്താണ് ഇറാന്റെ യഥാർത്ഥ ആണവശക്തിയെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

Iran Will Never Give Up Uranium Enrichment, Says Foreign Minister Abbas Araghchi

More Stories from this section

family-dental
witywide