മധ്യപൂർവേഷ്യൻ സംഘർഷത്തിനിടെ ഇറാൻ്റെ ആക്രമണത്തിൽ സൗദി അറേബ്യയിലെ റിയാദിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഈ മാസം 18 നാണ് ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടത്. റിയാദിലെ ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇറാന്റെ ആക്രമണത്തിൽ സൗദിയിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുന്നത്.
മരിച്ച വ്യക്തിയുടെ കുടുംബവുമായി എംബസി അധികൃതർ ആശയവിനിമയം നടത്തി. മൃതദേഹം നാട്ടിൽ എത്തിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ആവശ്യമായ എല്ലാ സഹായങ്ങളും എംബസി ചെയ്തു നൽകുമെന്ന് എക്‌സ് പോസ്റ്റിൽ എംബസി വ്യക്തമാക്കി.
ഇറാനിലെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് മറുപടിയായായി ഇറാൻ മാർച്ച് 18 ബുധനാഴ്ച നടത്തിയ ആക്രമണത്തിൽ റിയാദിനെ ലക്ഷ്യമാക്കി വന്ന നാല് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി സൗദി അറേബ്യ പറഞ്ഞിരുന്നു. ഇതിൽ, ചില അവശിഷ്ടങ്ങൾ നഗരത്തിന് തെക്ക് ഒരു റിഫൈനറിക്ക് സമീപം വീണിരുന്നു. ഈ വീണുകിടക്കുന്ന അവശിഷ്ടങ്ങളിൽ ഇടിച്ച് ഇന്ത്യൻ പൗരൻ മരിച്ചിരിക്കാം എന്നാണ് അധികൃതരുടെ നിഗമനം.
Iranian attack; One Indian killed in Saudi Arabia











