അമേരിക്കയുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും വലിയൊരു യുദ്ധമുണ്ടായാൽ അത് എല്ലാവരെയും ദോഷകരമായി ബാധിക്കുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ. ഇറാൻ ഒരിക്കലും യുദ്ധം ആഗ്രഹിച്ചിട്ടില്ല. ഒരുത്തരത്തിലും ആഗ്രഹിക്കുന്നില്ല. അത്തരമൊരു യുദ്ധം ഇറാൻ്റെയോ അമേരിക്കയുടെയോ മേഖലയുടെയോ താത്പര്യങ്ങൾക്കനുസൃതമായിരിക്കില്ലെന്ന് ഉറച്ചബോധ്യമുണ്ടെന്നും ഇറാൻ പ്രസിഡന്റ് ശനിയാഴ്‌ച ഈജിപ്ത് പ്രസിഡന്റ് അബ്‌ദൽ ഫത്താഹ് അൽ സിസിയുമായി നടത്തിയ ഫോൺസംഭാഷണത്തിലാണ് വ്യക്തമാക്കിയതായി പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
ഇറാൻ ഞങ്ങളോട് സംസാരിക്കുന്നുണ്ട്. എന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്ന് നമുക്ക് നോക്കാം. അല്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം. ഞങ്ങളുടെ വലിയ കപ്പൽവ്യൂഹം അവിടെയുണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.ഇറാനും യുഎസും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയും, യുഎസിന്റെ യുദ്ധക്കപ്പലുകൾ ഇറാന് സമീപം വിന്യസിക്കുകയുംചെയ്‌ത സാഹചര്യത്തിൽ മേഖലയിൽ വലിയ പിരിമുറുക്കം നിലനിൽക്കുന്നുണ്ട്. എന്നാൽ, യുഎസിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും രീതിയിൽ സൈനിക നടപടികളുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, ആണവവിഷയത്തിൽ ഇറാൻ ചർച്ചയ്ക്ക് മുതിരുമെന്നാണ് തൻ്റെ പ്രതീക്ഷയെന്നും ഇറാൻ ആണവനിർവ്യാപന കരാറിലെത്തിയില്ലെങ്കിൽ മറ്റൊരു രൂക്ഷമായ ആക്രമണം നടത്തുമെന്നും ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെ, ശനിയാഴ്‌ച ഇറാനിലെ തുറമുഖനഗരമായ ബന്ദർ അബ്ബാസിൽ സ്ഫോടനമുണ്ടായി. ശക്തമായ സ്ഫോടനത്തിൽ പാർപ്പിടസമുച്ചയത്തിന് കനത്ത നാശനഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. ഐആർജിസി കമാൻഡറെ ലക്ഷ്യമിട്ടാണ് സ്ഫോടനം നടന്നതെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഇറാൻ ഇത് നിഷേധിച്ചു. ഗ്യാസ് ചോർച്ച കാരണമാണ് ബന്ദർ അബ്ബാസിൽ പൊട്ടിത്തെറിയുണ്ടായതെന്ന് ഇറാൻ അധികൃതർ വ്യക്തമാക്കി.
Iranian President says he doesn’t want war with US; Trump says talks are underway and fleet is there














