
കാൻബറ/കൊളംബോ: ശ്രീലങ്കൻ തീരത്തിന് സമീപം ഇറാനിയൻ യുദ്ധക്കപ്പലിനെ ടോർപ്പിഡോ ഉപയോഗിച്ച് തകർത്ത അമേരിക്കൻ അന്തർവാഹിനിയിൽ ഓസ്‌ട്രേലിയൻ സൈനികരും ഉണ്ടായിരുന്നതായി സ്ഥിരീകരണം.
മൂന്ന് ഓസ്‌ട്രേലിയൻ പ്രതിരോധ സേനാംഗങ്ങളാണ് അന്തർവാഹിനിയിലുണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി ആൻ്റണി ആൽബനീസ് വെള്ളിയാഴ്ച അറിയിച്ചു. എന്നാൽ ഇവർ ആക്രമണത്തിൽ നേരിട്ട് പങ്കാളികളായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള സൈനിക കൈമാറ്റ പദ്ധതിയുടെ ഭാഗമായാണ് ഈ ഉദ്യോഗസ്ഥർ യുഎസ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിൽ ഈ ആഴ്ച ആദ്യമാണ് ലോകത്തെ ഞെട്ടിച്ച ഈ സൈനിക നീക്കം നടന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് അമേരിക്ക ഒരു ശത്രുരാജ്യത്തിൻ്റെ കപ്പലിനെ ടോർപ്പിഡോ തൊടുത്ത് കടലിൽ മുക്കുന്നത്. ആക്രമണത്തിൽ തകർന്ന ഐറിസ് ഡേന എന്ന കപ്പലിലുണ്ടായിരുന്ന 87 നാവികരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തതായി ശ്രീലങ്കൻ അധികൃതർ അറിയിച്ചിട്ടുണ്ട്.
ഫെബ്രുവരി 15 മുതൽ 25 വരെ വിശാഖപട്ടണത്ത് വെച്ച് നടന്ന ഇന്ത്യൻ നാവികസേനയുടെ ‘മിലൻ 2026’ എന്ന ബഹുരാഷ്ട്ര നാവിക അഭ്യാസത്തിലും ‘ഇൻ്റർനാഷണൽ ഫ്ലീറ്റ് റിവ്യൂ’വിലും പങ്കെടുക്കാൻ ഇന്ത്യയിലെത്തി മടങ്ങിയ കപ്പലാണ് ആക്രമിക്കപ്പെട്ടത്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിക്കുന്നതിൻ്റെ സൂചനയായാണ് ഈ സംഭവത്തെ ലോകരാജ്യങ്ങൾ വീക്ഷിക്കുന്നത്. അന്താരാഷ്ട്ര കപ്പൽ ചാലുകൾക്ക് ഭീഷണിയായതിനാലാണ് ഇറാൻ കപ്പലിനെതിരെ നടപടി സ്വീകരിച്ചതെന്നാണ് അമേരിക്കയുടെ വിശദീകരണം.
Iranian ship sinking off Sri Lankan coast: Australian soldiers on US submarine; Antony Albanese confirms















