അമേരിക്ക- ഇസ്രയേൽ-ഇറാൻ യുദ്ധത്തിൽ സ്ഥിരം വെടിനിര്‍ത്തലിനായുള്ള ഇറാന്‍ -അമേരിക്ക ചര്‍ച്ചയ്ക്ക് ഇസ്ലാബാദിലെത്തിയ വിമാനത്തിനുള്ളിലെ ചിത്രം പങ്കുവച്ച് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഗാലിബഫ്. വിമാനത്തിന്റെ സീറ്റുകളില്‍ അമേരിക്കയുടെയും ഇസ്രയേലിൻ്റെയും സംയുക്താക്രമണത്തിൽ ഇറാനിലെ മിനാബിലെ സ്‌കൂളില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങളും അവരുടെ കത്തിക്കരിഞ്ഞ സ്‌കൂള്‍ ബാഗുകളും റോസാപ്പൂക്കളുമാണ്. ‘ഈ വിമാനത്തില്‍ എന്റെ സഹയാത്രികര്‍, മിനാബിലെ 168 കുട്ടികള്‍’ എന്ന അടിക്കുറിപ്പോടെ ആണ് ഗാലിബഫ് എക്സില്‍ ചിത്രം പോസ്റ്റ് ചെയ്ത്.
അതേസമയം, ഇന്നലെയാണ് എഴുപതംഗ ഇറാന്‍ പ്രതിനിധി സംഘം ഇസ്ലാമാബാദിലെത്തിയത്. ഗാലിബാഫ് ഉള്‍പ്പെടെയുള്ള ഇറാന്‍ പ്രതിനിധിസംഘത്തെ ഫൈറ്റര്‍ ജെറ്റുകള്‍ ഉള്‍പ്പെടെ കനത്ത സുരക്ഷാവലയത്തിലാണ് ഇസ്ലാമാബാദിലെത്തിച്ചത്. പാക് സൈനികമേധാവിയും വിദേശകാര്യമന്ത്രിയും ചേര്‍ന്നാണ് സംഘത്തെ സ്വീകരിച്ചത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഉള്‍പ്പെടെയുള്ള പ്രതിനിധിസംഘം പാകിസ്താനിലെത്തിയിട്ടുണ്ട്. സ്റ്റീവ് വിറ്റ് കോഫും ജാരഡ് കഷ്‌നറും സംഘത്തിലുണ്ട്. സമാധാന ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പ്രദേശത്ത് പതിനായിരം സുരക്ഷാജീവനക്കാരെ വിന്യസിക്കുകയും ഗതാഗതസംവിധാനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്. തെരുവുകള്‍ ശൂന്യമാണ്. രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു.
സമാധാന ചര്‍ച്ച വിജയമോ പരാജയോ ആകാമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പ്രതികരിച്ചു. ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കുക, ലെബനോണിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുക എന്നീ രണ്ട് ഉപാധികള്‍ അംഗീകരിച്ചാലേ ചര്‍ച്ചയുള്ളൂ എന്ന് ഇറാന്‍ സ്പീക്കര്‍ മൊഹമ്മദ് ബാഗര്‍ ഗാലിബഫ് വ്യക്തമാക്കിയിരുന്നു. ചര്‍ച്ചകള്‍ നാളെയും തുടരുമെന്ന സൂചനയുണ്ട്. ഇസ്ലാമാബാദിലെ സെറീന ഹോട്ടലിലാണ് ചര്‍ച്ച. എന്നാൽ, സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍ പൂര്‍വാധികം ശക്തിയോടെ ഇറാനെ ആക്രമിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്.
Iranian speaker shares photo of 168 children killed in Minabhi attack as passengers on plane to attend talks














