
ടെഹ്റാൻ : ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ തങ്ങളുടെ നിയന്ത്രണം തുടരുമെന്ന് ഇറാൻ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയിലെ ഇറാൻ്റെ ദൗത്യസംഘമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്. ഇറാൻ്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും ഇറാന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തതുമായ കപ്പലുകൾക്ക് മാത്രമേ കടലിടുക്കിലൂടെ കടന്നുപോകാൻ അനുമതി നൽകൂ.
ഈ വഴി കടന്നുപോകുന്ന കപ്പലുകൾ ഇറാനിലെ ബന്ധപ്പെട്ട അധികാരികളുമായി മുൻകൂട്ടി സംസാരിക്കുകയും ഏകോപനം ഉറപ്പാക്കുകയും വേണം. ഇതിനോടകം തന്നെ ചൈന, ഇന്ത്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾ ഇറാന്റെ നിർദ്ദേശങ്ങൾ പാലിച്ച് ഈ പാതയിലൂടെ കടന്നുപോയിട്ടുണ്ട്. സുരക്ഷിത യാത്രയ്ക്കായി കപ്പലുകൾ ഇപ്പോൾ ഒമാന് അടുത്തുള്ള പാതയ്ക്ക് പകരം ഇറാൻ്റെ ലാരക് ദ്വീപിന് വടക്കുള്ള സമുദ്രഭാഗമാണ് ഉപയോഗിക്കുന്നത്.
അമേരിക്കയുമായി നിലനിൽക്കുന്ന തർക്കങ്ങളിൽ ഒരു ധാരണാ പത്രത്തിൽ എത്തുന്നതുവരെ ഹോർമുസ് കടലിടുക്കിലെ ഈ കർശന നിയന്ത്രണം തുടരാനാണ് ഇറാൻ്റെ തീരുമാനം. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിൽ ഒന്നായ ഹോർമുസിൽ ഇറാൻ നിയന്ത്രണം കടുപ്പിക്കുന്നത് ആഗോള തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
അതേസമയം, ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടക്കാൻ പ്രത്യേകം അനുമതി ആവശ്യമില്ലെന്ന് ഇന്ത്യൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പാചകവാതകം (LPG) വഹിച്ചുകൊണ്ടുള്ള ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി ഈ പാതയിലൂടെ കടന്നുപോയിട്ടുണ്ട്. ഇറാനുമായി ഇന്ത്യ നടത്തുന്ന ചർച്ചകൾ ഗുണകരമാണെന്ന് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.
മേഖലയിലെ കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സൈനിക സഖ്യം രൂപീകരിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഫെബ്രുവരി അവസാനം മുതൽ ഇതുവരെ 21-ഓളം കപ്പലുകൾ ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഘർഷം കാരണം ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം 95% വരെ കുറഞ്ഞതായി ചില കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് ആഗോള തലത്തിൽ എണ്ണവില വർദ്ധിക്കാനും ചരക്ക് നീക്കം വൈകാനും കാരണമായിട്ടുണ്ട്.
Iran’s ‘check post’ in the Strait of Hormuz; New travel conditions for ships, strict control until an agreement is reached with the US















