അമേരിക്ക – ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ പ്രതികരിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി അബാസ് അരഗ്ചി.ഇരുരാജ്യങ്ങൾക്കും ശക്തമായ മുന്നറിയിപ്പുമായാണ് വിദേശകാര്യ മന്ത്രി എത്തിയിരിക്കുന്നത്. സ്വയം പ്രതിരോധിക്കേണ്ടി വന്നാല്‍ ഏതറ്റം വരെയും തിരിച്ചടിക്കുമെന്നാണ് താക്കീത്. അയല്‍രാജ്യങ്ങളെയല്ല മറിച്ച് ഈ രാജ്യങ്ങളിലെ യുഎസ് കേന്ദ്രങ്ങളെയാണ് ആക്രമിക്കുന്നത്. അമേരിക്ക ആക്രമിക്കുമ്പോള്‍ തിരിച്ചടിക്കാതെ നിര്‍വാഹമില്ലെന്നും അരഗ്ചി വ്യക്തമാക്കി.
അമേരിക്കന്‍ സൈന്യത്തെ സഹായിക്കുന്ന സൈനികരെ ലക്ഷ്യമിടുമെന്നും പ്രതികരണമുണ്ട്. ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഉദ്ദേശമില്ല. കപ്പല്‍ ഗതാഗതം തടസപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇറാന്റെ പുതിയ പരമോന്നത നേതാവിനെ ഉടന്‍ തിരഞ്ഞെടുക്കുമെന്നും ഭരണഘടനാ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അരഗ്ചി അല്‍ ജസീറയോട് വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇറാനെതിരെ “വലിയ യുദ്ധനടപടികൾ” ആരംഭിച്ചതായി പ്രഖ്യാപിച്ചത്. യുഎസ്–ഇസ്രായേൽ സംയുക്താക്രമണത്തിന്റെ ഭാഗമായി പകൽ സമയത്ത് സൈനികവും സർക്കാർ ബന്ധപ്പെട്ടവുമായ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്ച തെഹ്റാനിൽ നടന്ന വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്ന് ഞായറാഴ്ച ഇറാൻ സർക്കാർ ടെലിവിഷൻ പുറം ലോകത്തെ അറിയിച്ചു.
ഇതിനിടെ, യുഎസ്–ഇസ്രായേൽ സൈനിക നീക്കങ്ങൾക്ക് മറുപടിയായി ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചു. ഇസ്രായേലിനെയും, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെയും, ഗൾഫ് രാജ്യങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.
Iran’s Foreign Minister says US military bases are being targeted; will retaliate to any extent












